വ്യാപാരയുദ്ധത്തിന് അറുതിവരുത്താന്‍ യു.എസ്-ചൈന ചര്‍ച്ച


AUGUST 26, 2019, 2:49 PM IST

ബീജിംഗ്: വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നറിയിച്ചുകൊണ്ട് ചൈനീസ് അധികൃതര്‍ സമീപിച്ചുവെന്ന്് വെളിപെടുത്തി പ്രസിഡന്റ് ട്രമ്പ്. ജി7 ഉച്ചകോടിയ്ക്കിടെ ഫ്രാന്‍സിലെ ബിയാറിട്‌സില്‍ വച്ചാണ് ട്രമ്പ് ഇക്കാര്യം പറഞ്ഞത്. '' ജീവിതം എങ്ങിനെയാണ് മുന്നോട്ടുപോകുന്നതെന്ന് അവര്‍ മനസ്സിലാക്കിയതില്‍ സന്തോഷം എന്നു പ്രതികരിച്ച ട്രമ്പ് ക്ഷണം സ്വീകരിക്കുകയാണെന്നും പ്രശ്‌നം ഒരുമേശയ്ക്കുചുറ്റുമിരുന്ന് തീര്‍ക്കാമെന്നും പറഞ്ഞു. വ്യാപാരയുദ്ധം തണുപ്പിക്കണമെന്ന് ഉച്ചകോടിയ്ക്ക് മുന്നോടിയായി ചൈനീസ് വ്യാപാരപ്രതിനിധി ലിയു ഹി പ്രസ്താവിച്ചതിന് പിറകെയാണ് ട്രമ്പിന്റെ വെളിപെടുത്തല്‍.

ലോകത്തെ രണ്ടുപ്രമുഖ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ജനഹിതത്തിനെതിരാണെന്നും ലോകമെമ്പാടുമുള്ള ജനതയെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലിയുഹി ചൈനയിലെ ഒരു പ്രമുഖ ട്രേഡ് എക്‌സ്‌പോയുടെ ഉദ്ഘാടനചടങ്ങിനിടെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. യു.എസിലെ വ്യാപരസംഘത്തിനും ഇക്കാര്യത്തില്‍ വിവേചനമുണ്ടാകില്ല. അദ്ദേഹം വെളിപെടുത്തി.

യു.എസിലെ കമ്പനികളോട് ചൈന വിട്ടുപോരാന്‍ ട്രമ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചൈനീസ് വ്യാപാരപ്രതിനിധി രംഗം കൊഴുപ്പിക്കാനായി മുന്നോട്ടുവന്നത്.  ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മേല്‍ വീണ്ടും നികുതി ചുമത്തിയതോടെയാണ് അമേരിക്കന്‍ കമ്പനികളോട് ചൈനവിട്ടുപോരാന്‍ ട്രമ്പ് ആവശ്യപ്പെട്ടത്. 250 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക മേല്‍ ചുമത്തിയിട്ടുള്ള നികുതി ഒക്ടോബര്‍ 1 മുതല്‍ 30 ശതമാനമാക്കി കുറയ്ക്കുമെന്നും ട്രമ്പ് പറഞ്ഞിരുന്നു.

യുവാന്റെ വില കരുതിക്കൂട്ടി കുറച്ചും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഭീമമായ നികുതി ഏര്‍പ്പെടുത്തിയും വ്യാപാരത്തില്‍ ചൈന അനര്‍ഹമായ ലാഭം നേടുന്നു എന്ന കാരണം പറഞ്ഞാണ് ട്രമ്പ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തിയത്. ചൈനയുമായുള്ള ഭീമമായ വ്യാപരകമ്മിയാണ് ഇതിന് ട്രമ്പിനെ പ്രേരിപ്പിച്ചത്.ചൈനയും ഇന്ത്യയുമുള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി കുറയ്ക്കുക എന്നത് ട്രമ്പിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രമ്പ് അധികം നികുതി ചുമത്തിയിരുന്നു.ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയര്‍ത്തി. അതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചൈന ചില അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി കൂട്ടി. ഇതിന് മറുപടിയെന്നോണം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് അഞ്ച് ശതമാനം നികുതി ചുമത്തി.  തുടര്‍ന്നാണ് അമേരിക്കന്‍ കമ്പനികളോട് ചൈന വിട്ടുപോരാന്‍ ട്രമ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം യു.എസ്‌ചൈന വ്യാപാരയുദ്ധം മുറുകുന്നത് ലോകസമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കുന്നുണ്ട്. ചൈന യുവാന്റെ മൂല്യം ഇടിച്ച് വ്യാപാരയുദ്ധത്തെ ചെറുക്കാന്‍ തുടങ്ങിയതോടെ ഒരു കറന്‍സിയുദ്ധം ആസന്നമായി. യു.എസ് ഡോളറിന്റെ മൂല്യം കുറയ്ക്കുകയോ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്തുകയോ ചെയ്യും എന്ന ധാരണയില്‍ യു.എസിലെ ഓഹരി വിപണി ഇടിഞ്ഞു.വന്‍ വില്‍പന സമ്മര്‍ദ്ദത്തില്‍ നിരവധി പ്രമുഖ ഓഹരികള്‍ നിലം പൊത്തി.

ഇത് അന്തര്‍ദ്ദേശീയതലത്തിലും അനുരണനങ്ങളുണ്ടാക്കി.ഇന്ത്യയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളുടെ ഓഹരിവിപണിയാണ് ഇതിന്റെ ഫലമായി നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.ട്രമ്പ് കറന്‍സി മൂല്യംകുറയ്ക്കുന്ന പക്ഷം അത് അമേരിക്കയുടെ പര്‍ച്ചേസിംഗ് പവറിനെ ബാധിക്കുമെന്നും മാന്ദ്യംസംജാതമാകുമെന്നുള്ള ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ വ്യാപാരയുദ്ധം മൂലം യു.എസിലും ചൈനയിലും നിരവധി തൊഴില്‍ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.പക്ഷെ ട്രമ്പ് ഇത് നിഷേധിക്കുകയാണ്.

Other News