ഇന്ത്യയിലും ചൈനയിലും ചില നഗരങ്ങളില്‍ ശ്വാസവായു പോലും അശുദ്ധമെന്ന്  ട്രംപ്


JUNE 6, 2019, 3:54 PM IST

ലണ്ടന്‍: ഇന്ത്യയിലെയും ചൈനയിലെയും റഷ്യിലെയും ചില നഗരങ്ങളില്‍ ശ്വസിക്കാന്‍ പോലും കഴിയാത്ത അത്ര മലിനീകരിക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇന്ത്യയെയും ചൈനെയെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്. ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ല. ചില നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല, എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുന്നുമില്ല ട്രംപ് കുറ്റപ്പെടുത്തി. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യകാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നു ട്രംപ് വാദിച്ചു. 2017 ല്‍ ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിനു മുന്‍പും യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണു കുറ്റപ്പെടുത്തിയത്.
പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കള്‍ പങ്കെടുത്ത ഡി-ഡെ ലാന്‍ഡിംങ്ങിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനില്‍ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ട്രംപ് മടങ്ങി. നാസി ജര്‍മനിയുടെ പക്കല്‍നിന്നും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ യൂറോപ്പിനെ മോചിപ്പിക്കാന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ സംയുക്തമായി 1944 ജൂണ്‍ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡി-ഡെ ലാന്‍ഡിംങ് എന്ന പേരില്‍ അറിയപ്പെടുന്നത്.


Other News