ട്രംപ് പരാജയപ്പെട്ടത് സൗദിയെ ഇസ്രായേല്‍ ബന്ധത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചതായി റിപ്പോര്‍ട്ട്


NOVEMBER 28, 2020, 6:32 AM IST

റിയാദ്: ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തത്ക്കാലം ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലമെന്ന് സൂചന. ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയായ ഇസ്രായേല്‍- സൗദി ബന്ധവും ഇറാനെ ലക്ഷ്യമിടലും പുതിയ പ്രസിഡന്റിന്റെ നയങ്ങള്‍ക്കനുസരിച്ച് മാറിയേക്കാമെന്ന പ്രതീക്ഷയിലാണ് സൗദി നടപടികളില്‍ വിമുഖത കാണിക്കുന്നത്. 

ട്രംപ് അധികാരമൊഴിയുന്നതിനാല്‍ പുതിയ പ്രസിഡന്റ് ജോ ബൈഡനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് സൗദിക്ക് ഉത്സാഹം. യു എ ഇയും ബഹറൈനും ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ സൗദിയുമായും മികച്ച ബന്ധമുണ്ടാക്കാന്‍ ട്രംപ് ഭരണകൂടമാണ് മുന്‍കൈ എടുത്തത്. അതുവഴി ഇറാനെ ലക്ഷ്യമിടുകയായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാല്‍ അതിനിടയില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ട്രംപിന് തിരിച്ചടിയായി. 

അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ സാധാരണവത്ക്കരണ ഇടപാടുകള്‍ നടത്തുന്നത് അനുകൂലിക്കുന്നുവെന്ന് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്നോട്ടടിപ്പിച്ചതില്‍ മറ്റു ചില ഘടകങ്ങളും പങ്കുവഹിച്ചതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പിതാവ് 84കാരനായ സല്‍മാന്‍ ഫലസ്തീന്‍ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം ഉന്നയിച്ചതോടെയാണ് ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ നിന്നും സൗദി പിറകോട്ടേക്ക് പോയത്. ഇസ്രായേലുമായുള്ള മകന്റെ ചര്‍ച്ചകളെ കുറിച്ച് പിതാവിന് അറിയാമായിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞിരുന്നു. 

വാഷിംഗ്ടണിലെ ഇമേജ് നന്നാക്കാനും ബൈഡനും കോണ്‍ഗ്രസുമായും മികച്ച സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനും ഇപ്പോഴത്തെ ഇസ്രായേല്‍ ചര്‍ച്ചകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നും സൗദി ചിന്തിക്കുന്നുണ്ട്. 

ഗള്‍ഫ് മേഖലയിലെ ഇറാന്റെ സ്വാധീനത്തെ നേരിടാന്‍ ഇസ്രായേല്‍, ഗള്‍ഫ് നേതാക്കള്‍ക്ക് താത്പര്യമുണ്ട്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ പദ്ധതിക്കെതിരെ ജൂണില്‍ ഇസ്രായേല്‍ രഹസ്യ ആക്രമണം നടത്തിയതായും വിവരമുണ്ട്. ഇറാനിലെ ഉന്നത ആണവശാസ്ത്രജ്ഞന്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നിലും ഗുരുതരമായ ചില സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. 

ജനുവരി 20ന് ട്രംപ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ കരാറുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന വിലയിരുത്തലാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നും കൂടുതല്‍ ജോലികള്‍ ചെയ്യാനുണ്ടെന്നുമാണ് മൈക് പോംപിയോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നെതന്യാഹുവും തമ്മില്‍ നേരില്‍ കണ്ടിരുന്നോ, ചര്‍ച്ചകള്‍ നടന്നുവോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പോംപിയോ വിസമ്മതിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി സൗദി അറേബ്യയിലും നെതന്യാഹുവുമായി ജറുസലേമിലും താന്‍ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. 

ഇസ്രായേല്‍ ആര്‍മി റേഡിയോ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ നെതന്യാഹുവിന്റെ ഓഫിസും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും വിസമ്മതിച്ചു.

Other News