എല്‍ ജി ബി ടി ക്യു പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തവരെ തുര്‍ക്കി അറസ്റ്റ് ചെയ്തു വിട്ടയച്ചു


JUNE 27, 2022, 9:12 PM IST

ഇസ്താംബൂള്‍: എല്‍ ജി ബി ടി ക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു നടത്തിയ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെ അറസ്റ്റ് ചെയ്ത നാനൂറോളം ആക്ടിവിസ്റ്റുകളെ തുര്‍ക്കി അധികൃതര്‍ വിട്ടയച്ചു. ഒരു രാത്രി കസ്റ്റഡിയില്‍ വെച്ചതിന് ശേഷമാണ് എല്ലാവരേയും വിട്ടയച്ചത്. 

മാധ്യമ പ്രവര്‍ത്തകരെയും എല്‍ ജി ബി ടി ക്യു ആക്ടിവിസ്റ്റുകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തക്സിം സ്‌ക്വയറിന് സമീപം ഒത്തുകൂടിയവരാണ് അറസ്റ്റിലായത്. 

മാര്‍ച്ചുള്ളതിനാല്‍ നേരത്തെ തന്നെ പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. പ്രൈഡ് മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെ പൊലീസ് ഇതില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും ഇവരെ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്തവരില്‍ എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ബുലെന്‍ട് കിലികും ഉള്‍പ്പെടുന്നുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ പൊലീസ് സാന്നിധ്യത്തിലും മഴവില്‍ നിറങ്ങളിലുള്ള ഫ്ളാഗുകളേന്തി പ്രതിഷേധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തവരും ആക്ടിവ്സറ്റുകളുമടക്കം കുറഞ്ഞത് 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എല്‍ ജി ബി ടി ക്യു കമ്മ്യൂണിറ്റിയില്‍പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജി എല്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അവരെയെല്ലാം അറസ്റ്റ് ചെയ്തത്. ഇവരെ അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി മിലേന ബുയും പ്രതികരിച്ചു.

2003 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഇസ്താംബൂളില്‍ പ്രൈഡ് മാര്‍ച്ച് നടക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഇവിടെ ഒത്തുകൂടരുതെന്ന ഉത്തരവ് ഇസ്താംബൂള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇസ്താംബൂളില്‍ പ്രൈഡ് മാര്‍ച്ചിന് അനുമതി നിഷേധിക്കുന്നത്.

Other News