തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സിനാന്‍ ഒഗാന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ എര്‍ദോഗന്റെ വിജയസാധ്യത ഉയരുന്നു


MAY 23, 2023, 6:47 AM IST

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ റൗണ്ടില്‍ തൊട്ടുത്ത എതിര്‍സ്ഥാനാര്‍ത്ഥിക്കൊപ്പം തുല്യ നിലയില്‍ വോട്ടുനേടിയ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് രണ്ടാം റൗണ്ടില്‍ വിജയ സാധ്യത വര്‍ധിച്ചു.

മൂന്നാം സ്ഥാനത്തുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി സിനാന്‍ ഓഗന്‍ തന്റെ പിന്തുണ ഉറപ്പുനല്‍കിയതോടെയാണ് റജബ് ത്വയ്യിബ് എര്‍ദോഗന് തുടര്‍ച്ചയായ പ്രസിഡന്റ് ടേമിലേക്ക് വലിയ ഉത്തേജനം ലഭിച്ചത്.

തിങ്കളാഴ്ച അങ്കാറയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒഗാന്‍ എര്‍ദോഗന് പിന്തുണ പ്രഖ്യാപിച്ചത്.മേയ് 14ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ 5.17 ശതമാനം വോട്ട് നേടിയ ഓഗനില്‍ നിന്നുള്ള എര്‍ദോഗന്റെ പിന്തുണ, നിലവിലെ പ്രസിഡന്റും പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിക്ദറോഗ്ലുവും തമ്മിലുള്ള ഷെഡ്യൂള്‍ ചെയ്ത റണ്‍ഓഫ് വോട്ടിന് മുമ്പാണ്.

എര്‍ദോഗന് ആദ്യ റൗണ്ടില്‍ 49.52 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി കിലിക്ദറോഗ്ലുവിനേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡ്. ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

എന്തുകൊണ്ടാണ് ഒഗാന്‍ എര്‍ദോഗനെ പിന്തുണയ്ക്കുന്നത്?

 ഓഗന്റെ ചില പ്രധാന പ്രചാരണ വാഗ്ദാനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് നിലവിലെ പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശക്തമായ കുടിയേറ്റ നയങ്ങള്‍ വേണമെന്നും തീവ്രവാദികളെന്ന് അദ്ദേഹം വിശേഷിപ്പിച്ച ചില കുര്‍ദിഷ് ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇവയ്ക്ക് നിലവില്‍ മത്സരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി അംഗീകാരം നല്‍കണമെന്നും ഓഗന്‍ വ്യവസ്ഥ ചെയ്തിരുന്നു.

എന്തുകൊണ്ടാണ് ദേശീയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കെമാല്‍ കിലിക്ദറോഗ്ലുവിനെ പിന്തുണയ്ക്കാത്തത് എന്ന ചോദ്യത്തിന്, കുടിയേറ്റവും തീവ്രവാദ വിരുദ്ധതയും സംബന്ധിച്ച തങ്ങളുടെ പ്രധാന അജണ്ടകള്‍ തന്റെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നതില്‍ ദേശീയ സഖ്യം പരാജയപ്പെട്ടുവെന്ന് ഒഗാന്‍ പറഞ്ഞു.

തുര്‍ക്കി ഒരു 'നിര്‍ണ്ണായക ഘട്ടത്തിലാണ്' എന്ന് അവകാശപ്പെട്ട ഓഗന്‍ , അടിയന്തരമായി അഭിസംബോധന ചെയ്യേണ്ട നാല് മുന്‍ഗണനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ആദ്യം തുര്‍ക്കിയിലെ അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി, സമീപകാല ഭൂകമ്പങ്ങളെ തുടര്‍ന്നുള്ള 'അടിയന്തര ദേശീയ സുരക്ഷാ ഭീഷണി'. മൂന്നാമതായി, 'പൊതുജനങ്ങളില്‍ ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായ ആഭ്യന്തര, വിദേശ പലായനങ്ങള്‍ മൂലമുണ്ടാകുന്ന' സാമ്പത്തിക പ്രശ്‌നങ്ങള്‍. നാലാമതായി, തുര്‍ക്കിയിലെ തീവ്രവാദത്തിനെതിരായ പോരാട്ടം, 'സാമ്പത്തികമായി ഉള്‍പ്പെടെ എല്ലാ മേഖലകളിലും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ടെന്ന്' അദ്ദേഹം പറഞ്ഞു.

ആരാണ് സിനാന്‍ ഓഗന്‍?

സിനാന്‍ ഓഗനെ തുര്‍ക്കി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് 'തീവ്ര ദേശിയതാ വാദിയായ രാഷ്ട്രീയക്കാരന്‍' എന്നാണ്. പാരമ്പര്യ സഖ്യം ഓഗനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു.

എര്‍ദോഗനെ പിന്തുണച്ചതോടെ ഓഗന്‍ കിംഗ് മേക്കര്‍ എന്ന നിലയില്‍ എത്തി.

എര്‍ദോഗനെയോ കിളിക്ദറോഗ്ലുവിനെയോ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് പാരമ്പര്യ സഖ്യം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സഖ്യത്തിലെ പ്രധാന കക്ഷിയായ വിക്ടറി പാര്‍ട്ടി ചൊവ്വാഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News