കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി; സംഭാഷണത്തിലൂടെ പരിഹാരം കാണണം 


SEPTEMBER 23, 2020, 1:07 AM IST

കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എര്‍ദോഗന്‍ കശ്മീര്‍ പ്രശ്‌നം പരാമര്‍ശിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തില്‍ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്ന ചിന്തയാണ് അദ്ദേഹം പങ്കുവെച്ചത്. 

കശ്മീര്‍ വിഷയം ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും അതിപ്രധാനമാണ്. ഇപ്പോഴത് കത്തുന്ന പ്രശ്‌നമാണ്. യു.എന്‍ പ്രമേയങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് നമ്മുടേത്. കശ്മീര്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരിക്കണം പരിഹാരമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയാണ് എര്‍ദോഗന്‍ വിഷയം അവതിപ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം യു.എന്‍ ഉന്നതതല യോഗത്തിലും എര്‍ദോഗന്‍ കശ്മീര്‍ വിഷയം ചൂണ്ടികാട്ടിയിരുന്നു. എര്‍ദോഗനു പുറമെ മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ്, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും കശ്മീര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. 

കോവിഡിനെത്തുടര്‍ന്ന് വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കുറി യു.എന്‍ പൊതുസഭ ചേരുന്നത്. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് രാഷ്ട്രത്തലവന്മാര്‍ നേരിട്ടെത്താത്ത ആദ്യ പൊതുസഭ കൂടിയാകുമിത്.

Other News