നാറ്റോയിലേക്കുള്ള ഫിന്‍ലാന്റ് അപേക്ഷയില്‍ വീറ്റോ പിന്‍വലിച്ച് തുര്‍ക്കി


MARCH 18, 2023, 8:43 PM IST

ബ്രസ്സല്‍സ്: നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലാന്‍ഡിന്റെ അപേക്ഷയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ വീറ്റോ പിന്‍വലിച്ചു. ഇതോടെ ഭാവിയില്‍ ബാള്‍ട്ടിക് കടലിന് കുറുകെയുള്ള റഷ്യന്‍ ഭീഷണികളെ നേരിടാന്‍ പാശ്ചാത്യ രാജ്യങ്ങളെ കൂടുതല്‍ സഹായിക്കും. എന്നാല്‍ നാറ്റോ അംഗത്വത്തിനുള്ള സ്വീഡന്റെ സമാന്തര ബിഡില്‍ പരിഹാരമായില്ല. 

ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയുമായി അങ്കാറയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഫിന്‍ലന്‍ഡിന്റെ അപേക്ഷയെ പിന്തുണയ്ക്കാന്‍ തുര്‍ക്കി പാര്‍ലമെന്റിനോട് ശുപാര്‍ശ ചെയ്യുമെന്ന് എര്‍ദോഗന്‍ പറഞ്ഞത്. മെയ് മാസത്തില്‍ തുര്‍ക്കി തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

റഷ്യയുമായി 832 മൈല്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തോടെയാണ്  വിദേശ, സുരക്ഷാ നയം പുനര്‍വിചിന്തനം ചെയ്യാനും നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാനും നിര്‍ബന്ധിതരായത്. ഫിന്‍ലാന്‍ഡിന് അംഗത്വം ലഭിച്ചാല്‍ നാറ്റോ സഖ്യത്തിലെ 31-ാമത്തെ അംഗമാകും. 

ഫിന്‍ലന്‍ഡിലെ കുര്‍ദിഷ് ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തുര്‍ക്കിയുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടതായി സംയുക്ത പത്രസമ്മേളനത്തില്‍ എര്‍ദോഗന്‍ പറഞ്ഞു. നാറ്റോയുടെ തുറന്ന വാതില്‍ നയത്തിന്റെ ശക്തമായ പ്രതിരോധക്കാരില്‍ ഒരാളാണ് തുര്‍ക്കിയെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടാന്‍ ഫിന്‍ലാന്‍ഡ് ശക്തവും ആധികാരികവുമായ നടപടികള്‍ സ്വീകരിച്ചതായും ഫിന്‍ലാന്‍ഡിന്റെ അംഗത്വത്തോടെ നാറ്റോ കൂടുതല്‍ ശക്തമാകുമെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ നടപടികള്‍ക്ക് പിന്തുണ നല്കിയതിന് എര്‍ദോഗാനോട് നന്ദി രേഖപ്പെടുത്തിയ നിനിസ്റ്റോ സ്വീഡനില്ലാതെ ഫിന്നിഷ് നാറ്റോ അംഗത്വം പൂര്‍ണ്ണമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ വില്‍നിയസില്‍ നടക്കുന്ന ഉച്ചകോടിയില്‍ നാറ്റോയില്‍ ചേരാന്‍ ഇരു രാജ്യങ്ങള്‍ക്കും അനുമതി ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കുര്‍ദിഷ് പ്രവര്‍ത്തകരെ തടയാന്‍ ഫിന്‍ലന്‍ഡും സ്വീഡനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് എര്‍ദോഗന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡന്റെ നിലപാടുകളില്‍ എര്‍ദോഗാന് കൂടുതല്‍ വിയോജിപ്പുകളുണ്ട്്. 

അരലക്ഷത്തോളം പേര്‍ മരിച്ച ഫെബ്രുവരി ആറിലെ ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റമന്‍മാരാഷ് പ്രവിശ്യ നിനിസ്റ്റോ സന്ദര്‍ശിച്ചു. ഭൂകമ്പക്കാഴ്ചകള്‍ തന്നെ ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു. 

ഫിന്‍ലാന്‍ഡിന്റെ അംഗത്വം അംഗീകരിക്കുന്നതിന് വിമുഖത കാണിച്ച മറ്റൊരു  നാറ്റോ അംഗം ഹംഗറിയാണ്. സഖ്യത്തിനുള്ളില്‍ ഒറ്റപ്പെടുമെന്നതിനാല്‍ അടുത്ത ആഴ്ചയോടെ അവരും അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്വീഡനും ഫിന്‍ലന്‍ഡും നയതന്ത്രപരവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ മെയ് മാസത്തിലാണ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. തങ്ങള്‍ക്ക് ഒരുമിച്ച് അംഗീകാരം ലഭിക്കണമെന്ന വസ്തുത മറച്ചുവെക്കുന്നില്ലങ്കിലും ഓരോ രാജ്യവും സ്വന്തം അംഗീകാര തീരുമാനം എടുക്കുന്നതിനെ മാനിക്കുന്നതായി സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു. 

യൂറോപ്യന്‍ യൂണിയന്‍ തീവ്രവാദിയായി പ്രഖ്യാപിച്ച സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ) അംഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഫിന്‍ലന്‍ഡില്‍ നിന്നും സ്വീഡനില്‍ നിന്നും എര്‍ദോഗാന്‍ ഉറപ്പ് തേടുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ പേരോ ലക്ഷ്യമോ എന്തായാലും അവര്‍ക്ക് സ്ഥാനമില്ലെന്നാണ് എര്‍ദോഗാന്റെ നിലപാട്. 

അങ്കാറയുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഫിന്‍ലന്‍ഡും സ്വീഡനും കഴിഞ്ഞ ജൂണില്‍ തുര്‍ക്കിയുമായി 10 പോയിന്റ് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കുര്‍ദിഷ് പ്രവര്‍ത്തകരെ തടയാന്‍ നോര്‍ഡിക് രാജ്യങ്ങള്‍ ചെയ്യേണ്ടതെന്താണെന്ന് വ്യാഖ്യാനിച്ചിട്ടില്ല.

വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2019-ല്‍ തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ ഉപരോധം ഡിസംബറില്‍ ഫിന്‍ലാന്‍ഡ് ഒഴിവാക്കിയിരുന്നു.

മെയ് മാസത്തിലെ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം രാജ്യത്ത് രാഷ്ട്രീയമായി പ്രതിസന്ധി അഭിമുഖീകരിക്കുന്ന എര്‍ദോഗാന്‍ ഫിന്‍ലന്‍ഡിന്റെ അപേക്ഷ സ്വീകരിക്കുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിക്കാനും തന്റെ ദേശീയത രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തുവെന്ന നിര്‍ദ്ദേശങ്ങള്‍ ഇല്ലാതാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. 

നാറ്റോയില്‍ ചേരുന്നതിന് ഫിന്‍ലാന്‍ഡിന്റെ പാര്‍ലമെന്റ് ഇതിനകം തന്നെ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബില്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രസിഡന്റ് ഒപ്പുവെക്കേണ്ടതുണ്ട്. 

സ്വീഡനും ഫിന്‍ലന്റും തന്റെ രാജ്യത്തിന്റെ ജനാധിപത്യത്തേയം ജുഡീഷ്യറിയേയും കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍ കുറ്റപ്പെടുത്തുന്നത്. എങ്കിലും ഹംഗറി പാര്‍ലമെന്റ് തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

എഫ്-16 ജെറ്റ് വിമാനങ്ങള്‍ വില്‍ക്കുന്നതിലുള്ള എതിര്‍പ്പുകള്‍ യു എസ് സെനറ്റ് നീക്കുന്നതുള്‍പ്പെടെ തുര്‍ക്കി തങ്ങളുടെ നാറ്റോ വീറ്റോ അധികാരം വിലപേശലിന് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

Other News