ഡയമണ്ട് പ്രിന്‍സസിലെ രണ്ടു ഇന്ത്യക്കാര്‍ക്കു കൂടി വൈറസ് ബാധ


FEBRUARY 16, 2020, 11:55 PM IST

ടോക്കിയോ: ജപ്പാനില്‍ യോക്കോഹാമ തീരത്തു ക്വാറന്റൈന്‍ ചെയ്തിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 3711 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 132 ജീവനക്കാരും ആറു യാത്രികരും ഉള്‍പ്പെടെ 138 ഇന്ത്യക്കാരാണുള്ളത്. വൈറസ് ബാധിതരായ ഇന്ത്യക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

അതേസമയം, കപ്പലിലെ വൈറസ് ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. രണ്ടുദിവസത്തിനിടെ 137 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയോടെ കപ്പലിലെ വൈറസ് ബാധിച്ചവരുടെ എണ്ണം 355 ആയി ഉയര്‍ന്നു. വൈറസ് ബാധിതരെ ചികിത്സക്കായി പ്രത്യേക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മറ്റു യാത്രക്കാരോട് കപ്പലില്‍ തന്നെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യാത്രക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ മാസമാദ്യമാണ് കപ്പല്‍ യോക്കോഹാമ തീരത്തു പിടിച്ചിട്ടത്.

Other News