ഉഗാണ്ടൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു 


NOVEMBER 20, 2020, 1:05 AM IST

കമ്പാല: ഉഗാണ്ടൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും പോപ്പ് താരവുമായ ബോബി വൈനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉഗാണ്ടൻ പോലീസും റെഡ് ക്രോസും ഇക്കാര്യം സ്ഥിരീകരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു..

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ 16 പേർ മരിച്ചു, 65 പേർക്ക് പരിക്കേറ്റു എന്നാണ് വ്യക്തമാക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നും പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ 350 പേരെ കൂടി അറസ്റ്റ് ചെയ്തതയാണ് വിവരം.

ജനുവരി 14 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 76 കാരനായ പ്രസിഡന്റ് യോവേറി മുസെവേനിക്കെതിരെ ശക്തമായ വെല്ലുവിളിയായി വൈൻ എന്നറിയപ്പെടുന്ന റോബർട്ട് ക്യാഗുലാനി മാറിയിരുന്നു. 

കൊറോണ വൈറസ് നടപടിക്രമങ്ങൾ ലംഘിച്ചതിനാണ് വൈൻ അറസ്റ്റിൽ ആയതെന്നാണ് പോലീസ് ഭാഷ്യം. ബുധനാഴ്ച പ്രചാരണത്തിനിടെയാണ് അറസ്റ്റ് ചെയ്‍തത് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ അനധികൃതമായി കൂട്ടം ചേർന്നതും രോഗം പടരാൻ കാരണമായി എന്നുമാണ് അദ്ദേഹത്തിനെതിരെ ഉയർത്തുന്ന കുറ്റം. 

വൈൻ അറസ്റ്റിലായ വാർത്ത പ്രചരിച്ചതോടെ തലസ്ഥാനമായ കമ്പാലയിലും മറ്റ് പല പ്രധാന പട്ടണങ്ങളിലും അക്രമാസക്തമായ പ്രതിഷേധം ആരംഭിച്ചു. മുസെവേനിയെ അധികാരത്തിൽ നിന്നും താഴെയിറക്കണമെന്ന ആശയം വൈൻ മുന്നോട്ട് വെച്ചപ്പോൾ മുതൽ അദ്ദേഹത്തിന് വലിയ തോതിലുള്ള പിന്തുണയാണ്.

കമ്പാലയുടെ പല ഭാഗങ്ങളിലും ചെറുപ്പക്കാർ തീയിടുകയും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം തടയാൻ ശ്രമിക്കുകയും വൈനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസും സൈനികരും കണ്ണീർ വാതകവും തോക്കും പ്രയോഗിച്ച് ആണ് പ്രതിക്ഷേധക്കാരെ നേരിട്ടത്.

Other News