യൂറോപ്പിലേക്കുള്ള റഷ്യയുടെ പ്രകൃതിവാതക നീക്കം യുക്രൈന്‍ തടഞ്ഞു


MAY 13, 2022, 7:59 AM IST

കീവ്:  റഷ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ വഴി പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നല്‍കിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈന്‍ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാ?ഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത നീക്കം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ്. തെക്കന്‍ റഷ്യയിലെ സൊഖറാനോവ്കയില്‍ നിന്ന് യുക്രൈനില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി റഷ്യ യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് യുക്രൈന്‍ തടഞ്ഞത്.

റഷ്യയ്ക്കെതിരായ ഉപരോധം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ചര്‍ച്ച നടത്തിയിരുന്നു.  പ്രതിരോധ സഹായം, ഊര്‍ജമേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തി.

യുക്രൈന്‍ പോരാട്ടത്തിന് നല്‍കുന്ന പിന്തുണയ്ക്ക് സെലെന്‍സ്‌കി നന്ദി പ്രകടിപ്പിച്ചു. ജര്‍മ്മനി ചാന്‍സലറുമായി നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, യുക്രൈനുമായി സംഭാഷണത്തിന് തയ്യാറായതില്‍ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും, സൈന്യത്തെ പിന്‍വലിക്കാനും റഷ്യ തയ്യാറാകണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

യുക്രൈനിന്റെ അഖണ്ഡതയും പരമാധികാരവും പുനഃസ്ഥാപിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണെന്ന് സ്‌കോള്‍സ് കോളില്‍ ഊന്നിപ്പറഞ്ഞു. യുക്രൈന് നല്‍കുന്ന പിന്തുണ ജര്‍മ്മനി തുടരും. ആവശ്യമായ സഹായം ഉറപ്പു വരുത്തും. റഷ്യയ്ക്കു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്നും ജര്‍മ്മന്‍ വക്താവ് അറിയിച്ചു.

അതേസമയം റഷ്യന്‍ സേനയുടെ നിയന്ത്രണത്തില്‍ നിന്ന് ഹര്‍കീവിലെ 4 ഗ്രാമങ്ങള്‍ കൂടി യുക്രൈന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. റഷ്യയുടെ യുദ്ധ ടാങ്കുകള്‍ തകര്‍ത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള മുന്നേറ്റം യുക്രൈന്‍ സേന തടഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈന്‍ നാഷണല്‍ ഗാര്‍ഡിലെ 561 സൈനികര്‍ കൊല്ലപ്പെട്ടതായി യു.എന്‍.ജി മേധാവി അറിയിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തില്‍ 1,697 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്സി നഡ്ടോച്ചി പറഞ്ഞു.

ഏപ്രില്‍ പകുതിയോടെ 2,500 മുതല്‍ 3,000 യുക്രൈന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 10,000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ എത്രപേര്‍ അതിജീവിക്കുമെന്ന് പറയാന്‍ പ്രയാസമാണെന്നും ഒലെക്സി കൂട്ടിച്ചേര്‍ത്തു. 2014 മാര്‍ച്ചിലാണ് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഗാര്‍ഡ് രൂപീകരിച്ചത്. ക്രിമിയയിലെ കരിങ്കടല്‍ പെനിന്‍സുലയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുക്കുകയും, യുക്രൈനിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ കൂട്ടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

യുദ്ധത്തില്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച്, ഇരു രാജ്യങ്ങളും വാചാലരാകുന്നതിനിടെയാണ് നാഷണല്‍ ഗുര്‍ഡ് മേധാവിയുടെ പുതിയ കണക്കുകള്‍. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ചുള്ള കണക്കുകള്‍ വളരെ അപൂര്‍വമായി മാത്രമേ യുക്രൈന്‍ പുറത്തുവിട്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. കീവിലെ പ്രതിരോധ മന്ത്രാലയമോ, മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയമോ സ്വന്തം സൈനികനഷ്ടത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല.

Other News