ലിമാന്‍ നഗരം വളഞ്ഞ് യുക്രെയ്ന്‍ സേന; റഷ്യ പ്രതിരോധത്തില്‍


OCTOBER 2, 2022, 3:48 AM IST

കീവ്: കിഴക്കന്‍ യുക്രെയ്‌നിലെ ലിമാന്‍ നഗരത്തില്‍ നിന്നും റഷ്യന്‍ സേന പിന്മാറി. റഷ്യന്‍ സൈന്യം മുന്‍നിര സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയ നഗരമാണ് ലിമാന്‍. 

ലിമാന്‍ ഉള്‍പ്പെടെ നാല് പ്രദേശങ്ങള്‍ റഷ്യ തങ്ങളോടൊപ്പം കൂട്ടിച്ചേര്‍ത്തുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സേനയ്ക്ക് പിന്മാറേണ്ടി വന്നത്. 

റഷ്യയെ നശിപ്പിക്കാന്‍ യു എസ് ആസൂത്രിതരമായി ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തുന്ന പുടിന്‍ ആണവ ഭീഷണികള്‍ ഉയര്‍ത്തുകയും ആക്രമണാത്മകവും പാശ്ചാത്യ വിരുദ്ധവുമായ വാക്കുകളാണ് പ്രയോഗിക്കുകയും ചെയ്തത്.  

എന്നാല്‍ ലിമാന്‍ പിടിച്ചടക്കാനുള്ള പോരാട്ടത്തില്‍ യുക്രെയ്‌നിയന്‍ സൈനയ്ക്ക് നാശനഷ്ടം വരുത്തിയതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എണ്ണത്തില്‍ കൂടുതലുള്ള റഷ്യന്‍ സൈനികരെ കൂടുതല്‍ അനുകൂല സ്ഥാനങ്ങളിലേക്ക് പിന്‍വലിച്ചുവെന്നാണ് റഷ്യ പറയുന്നത്. ലിമാനിലേക്ക് നീങ്ങിയതായി കീവിന്റെ വ്യോമസേന അറിയിച്ചു. യുക്രെയ്‌നിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് യുക്രെയ്‌നിയന്‍ പതാക ഉയര്‍ത്തുന്നതിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.

റഷ്യന്‍ സേനയുടെ പ്രധാന ലോജിസ്റ്റിക് ഹബ്ബായിരുന്നു ഈ നഗരം. ഗ്രൗണ്ട് കമ്മ്യൂണിക്കേഷനും ലോജിസ്റ്റിക്സിനും റഷ്യന്‍ മുന്‍നിര സേന ഈ പ്രദേശമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കിവില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലിമാന്‍ ലുഹാന്‍സ്‌ക് മേഖലയുടെ അതിര്‍ത്തിക്കടുത്തുള്ള ഡൊനെറ്റ്‌സ്‌ക് മേഖലയിലാണ്. ഈ പ്രദേശം ഉള്‍പ്പെടെയാണ് റഫറണ്ടം നടത്തിയെന്നവകാശപ്പെട്ട് റഷ്യ തങ്ങളുടേതാക്കിയെന്ന് അവകാശപ്പെട്ടത്. 

സെപ്റ്റംബറില്‍ ആരംഭിച്ച പ്രത്യാക്രമണത്തില്‍ യുക്രെയ്‌നിയന്‍ സൈന്യം വലിയൊരു പ്രദേശം തിരിച്ചുപിടിച്ചു. റഷ്യന്‍ സൈന്യത്തെ ഖാര്‍കിവ് പ്രദേശത്ത് നിന്ന് പുറത്താക്കുകയും ഓസ്‌കില്‍ നദിക്ക് കുറുകെ കിഴക്കോട്ട് നീങ്ങുകയും ചെയ്തു.

Other News