തായ് വാന്‍ സംഘര്‍ഷം: നേരിടാന്‍ ചൈന വിന്യസിച്ചത് ശക്തമായ സൈനിക സന്നാഹം


AUGUST 4, 2022, 7:57 AM IST

അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തിയതിന് പിന്നാലെ, സംഘര്‍ഷഭരിതമായ ചൈന കടല്‍ മേഖലയില്‍ പ്രത്യാഘാതങ്ങളും നേരിടാനും തിരിച്ചടി നല്‍കാനും എന്തിനും തയ്യാറായി നില്‍ക്കുകയാണ് ചൈനീസ് സൈന്യം.

 സൈനിക വാഹനങ്ങളും കപ്പലുകളുമായി യുദ്ധസമാനമായ ഒരന്തരീക്ഷമാണ് സംജാതമായിട്ടുള്ളത്. തായ്വാന്‍ കടലിടുക്കിനോട് ചേര്‍ന്നുള്ള ഫുജിയാന്‍ പ്രവിശ്യയിലാണ് 300ല്‍ അധികം വരുന്ന ആയുധ ടാങ്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ തടയിടാന്‍ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു. യാത്രക്കിടെ പെലോസിയുടെ വിമാനം അക്രമിക്കാനും ചൈന മടിക്കില്ലെന്ന് ചാരഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് നേരിടാന്‍ അമേരിക്കയും തയ്യാറായതോടെ സംഘര്‍ഷം കനത്തു.

അമേരിക്കയെ ഭയപ്പെടുത്താനായി ടൈപ്പ് 63 എ ആംഫിബിയസ് എന്ന് പേരുള്ള, കരയിലൂടെയും ജലത്തിലൂടെയും സഞ്ചരിച്ച് ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ആയുധ ടാങ്കുകളാണ് തായ്‌വാന്‍ തീരത്ത് ചൈന വിന്യസിച്ചിരുന്നത്. ടൈപ്പ് 63എ എന്ന ഈ ടാങ്ക് 1997ല്‍ ആണ് ചൈനീസ് സൈന്യത്തിലെത്തുന്നത്. മലയോര, വെള്ളപ്പൊക്ക പ്രദേശങ്ങള്‍ക്കുള്ള ലൈറ്റ് ടാങ്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ചൈന ഉള്‍പ്പടെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ കരയിലും ജലത്തിലും ഉപയോഗിക്കാവുന്ന ടാങ്കുകള്‍ വികസിപ്പിച്ചിട്ടുള്ളൂ.

വെള്ളത്തിലൂടെയുള്ള ഈ ടാങ്കുകളുടെ സഞ്ചാരം ഒരു പ്രത്യേക ശൈലിയിലാണ്. ടൈപ്പ് 63 എ യുടെ മുന്‍ഗാമിയായ, ടൈപ്പ് 63, യഥാര്‍ത്ഥത്തില്‍ ഉള്‍നാടന്‍ നദികളിലും തടാകങ്ങളിലും നദി മുറിച്ചുകടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ്. എന്നിരുന്നാലും അതിവേഗ, ദീര്‍ഘദൂര സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അനുയോജ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടൈപ്പ് 63എ ടാങ്കുകള്‍ ഉപയോ?ഗിച്ച് തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഉള്‍ക്കടലിലേക്ക് ആക്രമണം നടത്താനാവും.

മൊത്തത്തിലുള്ള ഭാരം കുറക്കുന്നതിനായി ഈ ലൈറ്റ് ടാങ്കിന് വളരെ നേര്‍ത്ത കവചമാണ് കൊടുത്തിട്ടുള്ളത്. ടൈപ്പ് 63 എയില്‍ 105 എംഎം റൈഫിള്‍ഡ് ഗണ്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളത്തില്‍ ടാങ്ക് പൊങ്ങിക്കിടക്കുമ്പോള്‍ തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്നതിനായി റീകോയില്‍ ഫോഴ്സ് കുറച്ചാണ് സെറ്റ് ചെയ്തിട്ടുള്ളത്. കമാന്‍ഡര്‍, ഗണ്ണര്‍, ലോഡര്‍, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ നാലംഗ സംഘമായിരിക്കും ഈ ടാങ്കിന്റെ പ്രവര്‍ത്തന സമയത് അതില്‍ ഉണ്ടായിരിക്കുക

580 കുതിരശക്തി വികസിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ടാങ്ക് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ ടൈപ്പ് 63 മായി താരതമ്യപ്പെടുത്തുമ്പോള്‍, കടലിലെ മികച്ച സ്ഥിരതയ്ക്കും കൂടുതല്‍ ശക്തമായ എഞ്ചിനുമായി ഇതിന് രണ്ട് ഫ്‌ലോട്ടേഷന്‍ ടാങ്കുകള്‍ കൂടി ഉണ്ട്. വെള്ളത്തില്‍ രണ്ട് വാട്ടര്‍ജെറ്റുകള്‍ ഉപയോഗിച്ചാണ് ഈ ലൈറ്റ് ടാങ്ക് മുന്നോട്ട് പോകുന്നത്.

അഗ്‌നി നിയന്ത്രണ സംവിധാനം ഘടിപ്പിച്ചിരിക്കുന്ന ഈ ടാങ്കിലെ ഗൈഡഡ് മിസൈലുകള്‍ക്ക് താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകളെ ലക്ഷ്യമിടാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകള്‍ എല്ലാം വെച്ച് അമേരിക്കയെ നേരിടാന്‍ സര്‍വ സജ്ജരായി തായ്വാന്റെ ഫുജിയാന്‍ പ്രവിശ്യയില്‍ കാത്തിരിക്കുകയാണ് ചൈന. പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം നയതന്ത്രത്തിന്റെ ഭാഗമല്ല എന്ന തന്ത്രപരമായ പ്രതികരണമാണ് പ്രസിഡന്റ് ബൈഡന്‍ നടത്തിയതെങ്കിലും തായ് വാനിലേക്ക് സന്ദര്‍ശകരെ തടയാന്‍ ചൈനക്ക് അവകാശമില്ല എന്ന് തായ് വാന്റെ മണ്ണില്‍ കാലുറപ്പിച്ചു കൊണ്ട് പെലോസി പറഞ്ഞത് അമേരിക്കന്‍ നിലപാടിന്റെ യഥാര്‍ത്ഥ പ്രതിഫലനമായാണ് കരുതുന്നത്.  ഈ വാക്കുകള്‍ ചൈനയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്.

Other News