ഖഷോഗി വധം:  സൗദി അറേബ്യന്‍ പൗരന്മാര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം വിസ ഉപരോധം ഏര്‍പ്പെടുത്തി


FEBRUARY 27, 2021, 11:07 AM IST

വാഷിംഗ്ടണ്‍: സൗദി പൗരനും മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം വിസ ഉപരോധം ഏര്‍പ്പെടുത്തി. അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ബാധകമാക്കിയിട്ടില്ല.

അതിര്‍ത്തികള്‍ക്കപ്പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും വിമതര്‍ക്കും എതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ നയത്തിന്റെ ഭാഗമായി 76 സൗദി പൗരന്മാര്‍ക്കെതിരെയാണ് അമേരിക്ക വിസ നിയന്ത്രണവും പ്രഖ്യാപിച്ചത്.

സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അഹമ്മദ് അല്‍ അസിരിക്കും, സൗദി റോയല്‍ ഗാര്‍ഡിന്റെ ആര്‍ഐഎഫിനും യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. ഖഷോഗിയെ കൊലപ്പെടുത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുവാദം നല്‍കിയെന്നാരോപിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ യു എസ് പുറത്തുവിട്ടിരുന്നു. ആദ്യമായിട്ടാണ് കൊലയ്ക്കുപിന്നില്‍ സല്‍മാന് പങ്കുണ്ടെന്ന് ഔദ്യോഗികമായി അമേരിക്ക ആരോപിക്കുന്നത്. ഖഷോഗിയെ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൊലപ്പെടുത്താന്‍ സല്‍മാന്‍ തീരുമാനിക്കുകയായിരുന്നെന്നും, മരണത്തില്‍ സല്‍മാന് വ്യക്തമായ പങ്കുണ്ടെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍മുമ്പ് ബൈഡന്‍ സൗദി ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും അമേരിക്ക നല്‍കുന്ന പ്രധാന്യത്തെക്കുറിച്ചാണ് ബൈഡന്‍ അദ്ദേഹത്തോട് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഈസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് അമ്പത്തൊമ്പതുകാരനായ ഖഷോഗി കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരായ നടപടിയില്‍ ആളുമാറിയാണ് ഖഷോഗിയെ വധിച്ചതെന്ന് സൗദിഭരണകൂടം സമ്മതിച്ചിരുന്നെങ്കിലും, സംഭവത്തില്‍ കിരീടാവകാശിയുടെ പങ്ക് നിഷേധിച്ചിരുന്നു.

ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഉത്തരവാദികളാക്കണം,'' ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍ പ്രസ്താവനയില്‍ പറഞ്ഞു.വിസ നിരോധനം കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം ബാധകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

''ഞങ്ങളുടെ അതിര്‍ത്തിക്കുള്ളിലുള്ള എല്ലാവരുടെയും സുരക്ഷയെന്ന നിലയില്‍, ഏതെങ്കിലും വിദേശ സര്‍ക്കാരിനു വേണ്ടി വിമതരെ ലക്ഷ്യമിടുന്ന കുറ്റവാളികളെ അമേരിക്കന്‍ മണ്ണില്‍ എത്താന്‍ അനുവദിക്കരുത്,'' സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Other News