പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ സൗദിക്ക് യുഎസ്‌ മിസൈല്‍ പ്രതിരോധസംവിധാനം


JULY 23, 2019, 11:53 PM IST

മനാമ:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യക്ക് മിസൈൽ പ്രതിരോധസംവിധാനവുമായി അമേരിക്ക. ടെർമിനൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താഡ്) മിസൈൽ പ്രതിരോധ സംവിധാനമാണ് നൽകുക. വ്യോമപ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് ഇതിന്റെ കരാർ.അമേരിക്കൻ സേനാത്താവളത്തിന് കഴിഞ്ഞ ദിവസം സൗദി അനുമതി നൽകിയിരുന്നു.

സൗദി അറേബ്യക്കുവേണ്ടി മിസൈൽ പ്രതിരോധസംവിധാനം നിർമിക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാർ ഭേദഗതി ചെയ്‌താണ് പുതിയ കരാർ ഒപ്പുവച്ചത്. ഭേദഗതി കരാർ നൽകിയത് 146 കോടി ഡോളറിനാണ്.   ഹ്രസ്വ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ ഒരുപോലെ തകർക്കാൻ ശേഷിയുള്ളതാണ് താഡ് . സൗദിയുടെ കൈവശമുള്ള പാട്രിയറ്റ് മിസൈലുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാനുമാകും. 

ഇറാനിൽനിന്നും മേഖലയിലെ മറ്റു ഭീഷണികളിൽനിന്നും പ്രതിരോധസഹായമായാണ് സൗദിക്കും ഗൾഫ് മേഖലയ‌്ക്കുമായി താഡ‌് നൽകുന്നതെന്ന് അമേരിക്ക വിശദീകരിച്ചു.360 താഡ് പ്രതിരോധ മിസൈലുകൾ, 16 താഡ് ഫയർ കൺട്രോൾ, കമ്യൂണിക്കേഷൻ മൊബൈൽ ടാക്റ്റിക്കൽ സ്‌റ്റേഷൻ ഗ്രൂപ്പ്, ഏഴ് അത്യാധുനിക റഡാറുകൾ എന്നിവ സൗദിക്ക് വിൽക്കാനാണ് കരാർ. 

കരാർ പുതുക്കുന്നതിനുമുന്നോടിയായി കമാൻഡർ  ജനറൽ കെന്നത്ത് മക്കെൻസിയും  സൗദി സംയുക്തസേനാ മേധാവി ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് രാജകുമാരനും ചർച്ച നടത്തി.ഹുർമുസ്, ബാബൽമന്ദബ് കടലിടുക്കുകൾ അടക്കം മധ്യപൗരസ്ത്യ ദേശത്ത് സ്വതന്ത്രമായ കപ്പൽഗതാഗതം ഉറപ്പുവരുത്തുന്നതിന് ‘ഓപ്പറേഷൻ സെന്റിനൽ' എന്ന പേരിൽ  അമേരിക്ക ശ്രമമാരംഭിച്ചതായി കെന്നത്ത് മക്കെൻസി അറിയിച്ചു.

Other News