ഗള്‍ഫിലെ സൈനികവിന്യാസം ഇറാനെ വിരട്ടാന്‍: മൈക്ക് പോംപിയോ


SEPTEMBER 23, 2019, 8:00 PM IST

വാഷിങ്ടണ്‍: ഗള്‍ഫ് പ്രദേശത്ത് തങ്ങള്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് ഇറാനെ വിരട്ടിനിര്‍ത്താനാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മുന്നറിയിപ്പ് നല്‍കിയും വിരട്ടിയും ഇറാനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അതില്‍ പരാജയപ്പെടുകയാണെങ്കില്‍ മാത്രമേ യുദ്ധം സംജാതമാകൂ എന്നും ഫോക്‌സ്‌ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പോംപിയോ പറഞ്ഞു. ഇത് ഇറാന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ഒഴിവാക്കാനുള്ള വഴിയാണ് തങ്ങള്‍ തേടുന്നതെന്ന് പറഞ്ഞ മൈക്ക് പോംപിയോ ഗള്‍ഫ് പ്രദേശത്തെ സൈനികവിന്യാസം ഇറാനെ വിരട്ടുന്നതിനാണെന്ന് നേരത്തെ സെക്രട്ടറി എസ്പര്‍ പറഞ്ഞതാണെന്നും ഓര്‍മ്മിപ്പിച്ചു.

സൗദി അറേബ്യന്‍ എണ്ണ ഫാക്ടറികള്‍ക്കെതിരെ ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതാണ് പശ്ചിമേഷ്യ വീണ്ടും പുകയാന്‍ ഇടയാക്കിയത്. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇറാന്‍ അത് നിഷേധിക്കുകയാണ്. അതേസമയം പശ്ചിമേഷ്യയെ  സമഗ്ര യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് കുറ്റപ്പെടുത്തി വാഷിംഗ്ടണും റിയാദും രംഗത്തുവന്നതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

എന്നാല്‍ ഏതെങ്കിലും യുഎസ് അല്ലെങ്കില്‍ സൗദി സൈനിക ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കേണ്ടി വന്നാല്‍ ''കണ്ണടക്കാനാവില്ല'' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സെരീഫ് സിഎന്‍എന്നിനോട് പറഞ്ഞു.

Other News