റഷ്യയുമായുള്ള 32 വര്‍ഷത്തെ ആണവക്കരാറില്‍ നിന്നും യു.എസ് പിന്മാറി


AUGUST 3, 2019, 3:10 PM IST

വാഷിങ്ടണ്‍: 1987 ല്‍ അന്നത്തെ റഷ്യന്‍,യു.എസ് ഭരണതലവന്മാരായിരുന്ന ഗോര്‍ബച്ചേവും റൊണാള്‍ഡ് റീഗനും ഒപ്പുവച്ച ആണവകരാറില്‍ നിന്ന് യു.എസ് പിന്മാറി. ശീതയുദ്ധകാലത്ത്  തയ്യാറാക്കിയ ഈ കരാറാണ്  ഇരുരാജ്യങ്ങളും വലിയ തോതില്‍ ആണവായുധങ്ങള്‍ കുന്നുകൂട്ടുന്ന സാഹചര്യം ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോള്‍ റഷ്യ കരാര്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യു.എസ് ആരോപിക്കുന്നു.ഇരുരാജ്യങ്ങളും കരാര്‍ പുതുക്കാത്തതില്‍ യു.എന്‍ ആശങ്ക അറിയിച്ചതിന് തൊട്ടുപുറകെയാണ് തങ്ങള്‍ കരാറില്‍ നിന്നും പിന്മാറുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചത്.


500 മുതല്‍ 5500 കിമീ ദൂരപരിധിയുള്ള ആയുധങ്ങള്‍ നിയന്ത്രിക്കാനുള്ള കരാര്‍ ഇല്ലാതായതോടെ രണ്ടുവന്‍ശക്തികള്‍ തമ്മില്‍ വീണ്ടുംആയുധ മത്സരം ഉടലെടുക്കുമെന്ന ആശങ്കയിലാണ്് ലോകം. നേരത്തെ ആര്‍ക്കും ആവശ്യമില്ലെങ്കില്‍ കരാറില്‍ നിന്ന് തങ്ങള്‍ പിന്മാറുമെന്ന് റഷ്യ ഭീഷണിമുഴക്കിയിരുന്നു.കരാര്‍ പുതുക്കാനുള്ളതങ്ങളുടെ ആവശ്യം യു.എസ് ഗൗനിക്കാതിരുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. എന്നാല്‍ കരാറില്‍ നിന്നും ആദ്യം പിന്മാറിയത് യു.എസ് ആയി മാറി.

ക്രൂസ് മിസൈലുള്‍പ്പടെയുള്ളവ റഷ്യ വിന്യസിക്കുന്നുവെന്നാണ് യു.എസ് കുറ്റപ്പെടുത്തുന്നത്. ആഗസ്റ്റ് രണ്ടിന് മുന്‍പ് ഇവ പിന്‍വലിക്കണമെന്ന യു..എസ് ആവശ്യം റഷ്യ തള്ളിയിരുന്നു. ഇതാണ് യു.എസിനെ പ്രകോപിപ്പിച്ചത്. റഷ്യയ്‌ക്കെതിരെ യു.എസും നാറ്റോയും സമാനമായ ആയുധങ്ങള്‍ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

റഷ്യയാണ് ആണവായുധങ്ങള്‍ കൈവശരാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. യു.എസ് തൊട്ടുപിറകിലുണ്ട്.

Other News