സൗദി ബന്ധം സല്‍മാന്‍ രാജാവിലൂടെ മാത്രമെന്ന് അമേരിക്ക


FEBRUARY 17, 2021, 7:20 PM IST

റിയാദ്: സൗദിയുമായുള്ള ബന്ധം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് നടത്തുകയെന്ന സൂചനയുമായി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.  അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരദ് കുഷ്ണറും മുഹമ്മദ് ബിന്‍ സല്‍മാനുമായി മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ രാജാവുമായി നേരിട്ട് ബന്ധം നിലനിര്‍ത്താനാണ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്റെ തീരുമാനം. സൗദി അറേബ്യയുമായുളള അമേരിക്കയുടെ ബന്ധം പുനര്‍വിചിന്തനം ചെയ്യുമെന്ന് പുതിയ അധികാരികള്‍ എത്തിയതോടെ വ്യക്തമാക്കിയതാണെന്ന് സാക്കി പറഞ്ഞു. സല്‍മാന്‍ രാജാവുമായി സംസാരിക്കുമെങ്കിലും അത് എപ്പോഴാണ് നടക്കുകയെന്ന് അറിയില്ലെന്നും സാക്കി കൂട്ടിച്ചേര്‍ത്തു.  യമന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദി അറേബ്യയോട് നിലപാട് കടുപ്പിച്ച ജോ ബൈഡന്‍ മനുഷ്യാവകാശത്തിന് പ്രാധാന്യം നല്കുമെന്നാണ് പറഞ്ഞത്. യമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാര്‍ ഉള്‍പ്പെടെ പിന്തുണ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. യമനിലെ ഹൂതി വിഭാഗങ്ങളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ നയവും ബൈഡന്‍ തിരുത്തിയിരുന്നു.

Other News