അമേരിക്ക - താലിബാൻ സമാധാന ചർച്ച ദോഹയില്‍ തുടരുന്നു;സേനാപിന്മാറ്റത്തിന് സാധ്യത


AUGUST 5, 2019, 12:23 AM IST

ദോഹ:അഫ്‌ഗാൻ  പ്രതിസന്ധി അവസാനിപ്പിക്കുന്നത് ലക്ഷ്യമിടുന്ന അമേരിക്ക - താലിബാൻ സമാധാന ചർച്ചാ പരമ്പരയിലെ സുപ്രധാന റൗണ്ട് ദോഹയിൽ തുടരുന്നു. പുതിയ ചർച്ചകൾ അഫ്‌ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് ഇടയാക്കിയേക്കുമെന്ന് പ്രത്യേക സമാധാന ദൂതൻ ട്വീറ്റ് ചെയ്‌തു. 

ശനിയാഴ്ച്ചയാണ് അമേരിക്ക താലിബാൻ സമാധാന ചർച്ചാ പരമ്പരയിലെ എട്ടാo റൗണ്ടിന് ദോഹയിൽ തുടക്കമായത്.അഫ്‌ഗാനിസ്ഥാനിൽ സമാധാനത്തിനായുള്ള മധ്യസ്ഥ നീക്കങ്ങളുടെ ഏറ്റവും സുപ്രധാനഘട്ടമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

എട്ടാം റൗണ്ടിലേക്ക് കടന്ന സമാധാന ചർച്ചകളുടെ അന്തിമഘട്ടമായേക്കാം ഇതെന്നും, അഫ്‌ഗാനിസ്ഥാനിൽ നിന്നു അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിന് ഇത് കാരണമായേക്കാമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതൻ സാൽമെയ് ഖലീൽസാദിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്.

ദോഹ ചർച്ചകൾ അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് ഖലീൽസാദ് ട്വീറ്റ് ചെയ്‌തു.മികച്ചൊരു സമാധാന കരാറിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 13ന് മുന്നേ അമേരിക്കൻ സേനയെ പിൻവലിക്കുന്നതിന് ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചർച്ചകളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. സഹസ്ഥാപകന്‍ മുല്ലാ ബറദാറാണ് ചര്‍ച്ചയില്‍ താലിബാനെ നയിക്കുന്നത്.

20000-ഓളം സൈനികരാണ് നിലവിൽ അഫ്‌ഗാനിലുള്ളത്. ഇവരെ പിന്‍വലിക്കാന്‍ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന പ്രധാന നിബന്ധന അഫ്‌ഗാൻ മണ്ണ് ഇനിയൊരിക്കലും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുുത്തില്ലെന്ന് താലിബാൻ ഉറപ്പ് നൽകണമെന്നതാണ്.

Other News