മിസൈൽ പരീക്ഷിച്ച് അമേരിക്ക;പ്രകോപനപരമെന്ന് റഷ്യ 


AUGUST 22, 2019, 2:06 AM IST

കാലിഫോര്‍ണിയ: റഷ്യയുമായുളള ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ പുതിയ മിസൈല്‍ പരീക്ഷിച്ച് അമേരിക്ക. കാലിഫോര്‍ണിയന്‍ തീരത്ത് നടത്തിയ മധ്യ ദൂര ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ അമേരിക്കയുടെ നടപടി സൈനിക സംഘര്‍ഷത്തിന് വഴി ഒരുക്കുമെന്ന് റഷ്യ കുറ്റപ്പെടുത്തി.

അമേരിക്കയുടെ നടപടി പ്രകോപനപരമാണെങ്കിലും തിരിച്ചു മറുപടി നല്‍ക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നു റഷ്യ വ്യക്തമാക്കി. സംഘര്‍ഷ സാഹചര്യം സൃഷ്‌ടിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി റെയ്‌ബോവ് പറഞ്ഞു. റഷ്യയുമായുള്ള ശീതയുദ്ധകാലത്തെ ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെയാണ് അമേരിക്ക പുതിയ മിസൈൽ പരീക്ഷിച്ചത്.

അമേരിക്കയും റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് ഈ മാസം രണ്ടിനാണ് അമേരിക്ക പിന്‍മാറിയത്. 1987ല്‍ ഒപ്പു വച്ച ആണവ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ പ്രകാരം മിസൈല്‍ പരീക്ഷണങ്ങള്‍ ഇരുരാജ്യങ്ങളും നടത്താന്‍ പാടില്ല. എന്നാല്‍ കരാറില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെ അമേരിക്ക മിസൈല്‍ പരീക്ഷണം നടത്തുകയായിരുന്നു.അതേസമയം ആണവപോർമുന ഇല്ലാത്ത മിസൈലാണ് പരീക്ഷിച്ചതെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.

അമേരിക്കന്‍ നാവിക സേനയുടെ നിയന്ത്രണത്തിലുളള സാന്‍ നിക്കോളാസ് ഉപദ്വീപില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. മിസൈല്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു. വിക്ഷേപണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം വെളിപ്പെടുത്തുമെന്നും പെന്റഗണ്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Other News