കശ്മീരില്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കണമെന്ന്  യു.എസ്


SEPTEMBER 6, 2019, 3:36 PM IST

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ആദ്യമായി ഇന്ത്യക്കെതിരെ വിമര്‍ശനസ്വരവുമായി അമേരിക്ക. സംസ്ഥാനത്ത് മനുഷ്യാവകാശധ്വംസനം പാടില്ലെന്നും സാധാരണജീവിതം പുന:സ്ഥാപിക്കണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാക്കളേയും പൊതുപ്രവര്‍ത്തകരേയും പ്രവര്‍ത്തനമേഖലയില്‍ തുടരാന്‍ അനുവദിക്കണം. ഇത് സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മൊര്‍ഗാന്‍ ഒര്‍ട്ടാഗസ് പുറത്തുവിട്ട പ്രസ്താവന പറയുന്നു. ദ ഹിന്ദുപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയനേതാക്കളുടേയും വ്യവസായികളുടേയും സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്ന് ഒര്‍ട്ടാഗസ് പറഞ്ഞു. മാത്രമല്ല, ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. വീട്ടുതടങ്കലിലുള്ളവരെ മോചിപ്പിച്ച് സാധാരണജീവിതം നേര്‍വഴിയിലാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ അത് നടപ്പിലാക്കുന്നുണ്ടോയെന്ന് തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഒര്‍ട്ടാഗസ് പറഞ്ഞു. കശ്മീരില്‍ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്താനും യു.എസ് ഇന്ത്യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 ല്‍ ഭേദഗതി വരുത്തി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്നതിനായാണ് രാഷ്ട്രീയ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. മാത്രമല്ല, അക്രമണങ്ങളുണ്ടാകാതിരിക്കാന്‍ പലപ്പോഴായി കര്‍ഫ്യൂ എര്‍പ്പെടുത്തുകയും ടെലിഫോണ്‍,മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് അവശ്യസാധനങ്ങള്‍ ലഭ്യമാകാതെ ജനങ്ങള്‍ വലയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം പാക്കിസ്ഥാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും  കശ്മീരിലെ ഇന്ത്യന്‍ ഇടപെടലില്‍ ഇതുവരെ അമേരിക്ക പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. ഇതാദ്യമായാണ് അമേരിക്ക ഇന്ത്യയ്‌ക്കെതിരെ വിമര്‍ശന സ്വരത്തില്‍ സംസാരിക്കുന്നത്.

Other News