വിയറ്റ്‌നാമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.


AUGUST 1, 2020, 5:58 AM IST

വിയറ്റ്‌നാം: വിയറ്റ്‌നാമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പേഷ്യന്റ് 428 എന്ന സെന്‍ട്രല്‍ ഹോയ് ആന്‍ സിറ്റിയിലെ 70കാരനാണ് മരിച്ചത്.

ഏപ്രിലിന് ശേഷം ആദ്യമായി വിയറ്റ്‌നാമില്‍ ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് കേന്ദ്രമായ ഡനാംഗ് നഗരത്തില്‍ ആയിരുന്നു. ജൂലായ് 29ന് ഹാനോയില്‍ ഒരു പോസിറ്റീവ് കേസും ഹോചിമിന്‍ സിറ്റിയില്‍ രണ്ട് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിരുന്നു.

അതേസമയം  45 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡിനെ ചെറുക്കാനുള്ള ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാം ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. പി.പി.ഇ കിറ്റുകളും മറ്റും വിവിധ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചും വിയറ്റ്‌നാം മാതൃക സൃഷ്ടിച്ചിരുന്നു.

തലസ്ഥാനമായ ഹാനോയില്‍ വ്യാപക കോവിഡ് പരിശോധന തുടങ്ങി. ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടി. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

ആഭ്യന്തര യാത്രക്കാരോട് അധികൃതര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. 45 രോഗികളെയും ഡനാംഗിലെ മൂന്ന് ആശുപത്രികളിലും രണ്ട് ക്ലിനിക്കുകളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിയറ്റ്‌നാം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പറഞ്ഞു.

കോവിഡിനെ ആദ്യ ഘട്ടത്തില്‍ നിയന്ത്രിക്കാനായതോടെ വിയറ്റ്‌നാം പെട്ടെന്ന് തന്നെ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്‌ക് ഉപയോഗം കുറയുകയും ആഭ്യന്തര യാത്രകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.

ഇത് വീണ്ടും കേസുകള്‍ വരാന്‍ കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Other News