സ്വതന്ത്ര വ്യാപാര കരാർ ലക്ഷ്യമിട്ട് ഇന്ത്യയും യുകെയും 


AUGUST 1, 2020, 11:52 AM IST

വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നതിന് അനുസൃതമായി ഒരു സ്വതന്ത്ര വ്യാപാര കരാർ രൂപപ്പെടുത്തുന്നതിനും ഇന്ത്യയും യുകെയും തീരുമാനിച്ചു. പതിനാലാമത് സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ (ജെറ്റ്‌കോ) യോഗത്തിനു ശേഷം യുകെ അധികൃതരാണ് ഇക്കാര്യം  അറിയിച്ചത്. 

ഇന്ത്യയുടെ വാണിജ്യമന്ത്രി പിയുഷ് ഗോയലും യുകെയുടെ ഇന്റർനാഷണൽ  ട്രേഡ്‌ സെക്രട്ടറി ലിസ് ട്രൂസുമാണ് ഉഭയകക്ഷിചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കംചെയ്യുന്നതിനും ഡേറ്റ നിയന്ത്രണം, പരസ്പരമുള്ള വിനിമയം എന്നിവയുൾപ്പെടെ ഇരുരാജ്യങ്ങളുടെയും സമ്പദ്ഘടനകളുടെ ഡിജിറ്റൽ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും തീരുമാനമായി. ഒരു സ്വതന്ത്ര വ്യാപാര കരാറിനായുള്ള കൂടിയാലോചനകൾ ആരംഭിക്കുന്നതിനു മുമ്പ് മുൻഗണന വ്യാപാരകരാർ ഇന്ത്യയും യുകെയും ഒപ്പുവെക്കണമെന്നു ഈമാസമാദ്യം മന്ത്രി ഗോയൽ പറഞ്ഞിരുന്നു. 

2018ൽ ഇന്ത്യയും യുകെയും സംയുക്ത വ്യാപാര അവലോകനം പൂർത്തിയാക്കിയശേഷം ഉണ്ടായിട്ടുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള  പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.കൂടുതൽ തുറന്ന ഒരു വ്യാപാര പങ്കാളിത്തത്തിനു യുകെയുടെ പുതിയ ഗ്ലോബൽ താരിഫ് (യുകെജിടി) "തടസ്സം സൃഷ്ടിക്കുന്നു". ഇന്ത്യൻ കയറ്റുമതികൾക്ക് ഒരു വർഷം 40 മില്യൺ പൗണ്ടു വരെ തീരുവകൾ യുകെജിടി കുറച്ചാൽ വ്യാപാരം കൂടുതൽ ശക്തമാകും.കോവിഡ് 19 ഏൽപ്പിച്ച ആഘാതത്തിൽനിന്നും ഇരുസമ്പദ്ഘടനകളും കരകയറുന്നതിനു പരസ്പരം വിപണികളിൽ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നു  ബ്രിട്ടീഷ് ഹൈക്കമീഷൻ പറഞ്ഞു.   

ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരം 15.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. അതിൽ ഇന്ത്യക്ക് 2 ബില്യൺ ഡോളറോളം വ്യാപാര മിച്ചം ലഭിക്കുന്നു. യുകെയുടെ സമ്പദ്ഘടനയിൽ രണ്ടാമത്തെ വലിയ നിക്ഷേപക സ്ഥാനമാണ് ഇന്ത്യക്കുള്ളത്. യുകെയിലുള്ള 842 ഇന്ത്യൻ കമ്പനികളിൽ 110,000ത്തിലധികം പേർ തൊഴിൽ ചെയ്യുന്നു. അവയെല്ലാം കൂടി കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 41 ബില്യൺ ഡോളറാണ് വരുമാനമുണ്ടാക്കിയത്. കഴിഞ്ഞ 5 വർഷങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ വരുമാനത്തിൽ 87% വർദ്ധനവുണ്ടായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിയുന്ന ലോകത്തിലെ വലിയ സമ്പദ്ഘടനകളിലൊന്നും ജനാധിപത്യരാജ്യങ്ങളിലൊന്നുമായ ഇന്ത്യയുമായുള്ള വ്യാപാരബന്ധം യുകെക്ക് വളരെ പ്രധാനമാണെന്ന് ട്രൂസ് പറഞ്ഞു. അതിനെ പൂർണ്ണശേഷിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഒരുക്കിയെന്നും ഭാവിയിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. 

ജെറ്റ്‌കോ യോഗത്തിനിടയിൽ യുകെ-ഇന്ത്യ ബിസിനസ് കൌൺസിൽ സംഘടിപ്പിച്ച ഒരു പ്ലീനറി സമ്മേളനത്തിന് യുകെയുടെ ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ റനിൽ ജയവർധനെ നേതൃത്വം നൽകി. അതിലും സാമ്പത്തിക വാണിജ്യബന്ധങ്ങൾ ശക്തമാക്കണമെന്ന അഭിപ്രായമാണുയർന്നത്. ഭക്ഷ്യപാനീയങ്ങൾ, ആരോഗ്യ സംരക്ഷണം, ലൈഫ് സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി, ഡേറ്റ, കെമിക്കൽസ്, സർവീസസ് എന്നിവയുൾപ്പടെയുള്ള മേഖലകളിലെ വ്യാപാരബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നു. 

Other News