വുഹാനില്‍ 19 ദിവസം കൊണ്ട് ഒരുകോടി കോവിഡ് 19 ടെസ്റ്റ് നടത്തി; 300  പേര്‍ക്ക് മാത്രം പോസിറ്റീവ്


JUNE 4, 2020, 1:52 PM IST

വുഹാന്‍(ചൈന): കഴിഞ്ഞ വര്‍ഷം അവസാനം കൊറോണ വൈറസ് കണ്ടെത്തിയ ചൈനീസ് നഗരമായ വുഹാന്‍, അതിവേഗ സംവിധാനത്തില്‍ ഒരു കോടി കോവിഡ് ടെസ്റ്റുകള്‍ നടത്തി. വെറും 19 ദിവസം എടുത്തു നടത്തിയ ടെസ്റ്റില്‍ വെറും 300 പേരില്‍ മാത്രമാണ് വൈറസ് പോസിറ്റീവ് ആയത്. ഈ 300 പേരിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പോസിറ്റീവ് ആയ ആളുകള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 1,174 ഓളം പേരെയും ടെസ്റ്റുചെയ്‌തെങ്കിലും നഗരത്തില്‍ അണുബാധകളൊന്നും കണ്ടെത്തിയില്ല.  മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വൈറസ് പടരില്ലെന്നാണ് ഈ പരിശോധനാഫലം വ്യക്തമാക്കുന്നത്.

രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരായ ആളുകള്‍ രോഗത്തിന്റെ നിശബ്ദ പ്രചാരകരാകാമെന്ന വ്യാപകമായ ആശങ്ക നിലനില്‍ക്കുമ്പോളാണ്  ഈ ഫലങ്ങള്‍ പുറത്തുവരുന്നത്.

ഇത് എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വൈസ് ഡയറക്ടര്‍ ഫെങ് സിജിയാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍  പറഞ്ഞു.

ലക്ഷണമില്ലാത്ത വൈറസ് വാഹകരുടെ കേസുകള്‍ ഉയര്‍ത്തുന്ന അപകടസാധ്യതയെക്കുറിച്ച് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. വിവരണാത്മക തെളിവുകളും ഇന്നുവരെയുള്ള പഠനങ്ങളും പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കുന്നത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്തെ മരണങ്ങളില്‍ 80 ശതമാനത്തിലധികവും മരണം നടന്നത് വുഹാനിലാണ്.

മെയ് 14 മുതല്‍ ജൂണ്‍ 1 വരെ നഗരം 9.9 ദശലക്ഷം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായി ഒരു നഗര ഉദ്യോഗസ്ഥന്‍ ലി ലഞ്ചുവാന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.  11 ദശലക്ഷം ആളുകളുള്ള നഗരത്തില്‍ 5 വയസ്സിനു മുകളിലുള്ള എല്ലാവരേയും പരീക്ഷിച്ചുവെന്ന് ലി ലഞ്ചുവാന്‍ പറഞ്ഞു.

Other News