ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച ബിസിനസുകാരന് അഴിമതിക്കേസില്‍ 18 വര്‍ഷം തടവ്


SEPTEMBER 22, 2020, 11:46 PM IST

ബീജിങ്: ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച ബിസിനസുകാരന് 18 വര്‍ഷം തടവ്. റെന്‍ ഷിക്യാങ് എന്ന ബിസിനസുകാരനാണ് അഴിമതിക്കേസില്‍ തടവും പിഴയും വിധിച്ചത്. 

റെന്‍ 50 ദശലക്ഷം യുവാന്‍ പൊതുപണം കൊള്ളയടിച്ചെന്നും 1.24 ദശലക്ഷം യുവാന്‍ കൈക്കൂലി വാങ്ങിയെന്നും ബീജിങ്ങിലെ രണ്ടാം നമ്പര്‍ പീപ്പിള്‍സ് കോടതി വ്യക്തമാക്കി. റെന്‍ എല്ലാ കുറ്റവും സമ്മതിച്ചു. അതിനാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമില്ലെന്നും അറിയിച്ച കോടതി 4.2 ദശലക്ഷം യുവാന്‍ പിഴയും വിധിച്ചു. അതേസമയം, എതിരാളികളെ നിശബ്ദരാക്കാന്‍ പ്രസിഡന്റ് അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് റെനിന്റെ അനുകൂലികള്‍ ആരോപിച്ചു.

കോവിഡ് വ്യാപനത്തിനുപിന്നാലെയാണ് 69കാരനായ റെന്‍ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡിനെ നേരിടുന്നതില്‍ ജിന്‍പിങ് പരാജയപ്പെട്ടു. പ്രസിഡന്റ് വെറുമൊരു കോമാളിയാണ് എന്നിങ്ങനെയായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന റെനിന്റെ വിമര്‍ശനങ്ങള്‍. ജിന്‍പിങ്ങിനെതിരായ ലേഖനം ലോകശ്രദ്ധ നേടിയിരുന്നു. ലേഖനമെഴുതിയതിനു പിന്നാലെ മാര്‍ച്ച് മുതല്‍ റെനിനെ കാണാനുണ്ടായിരുന്നില്ല. ഏപ്രിലിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.

Other News