യോജിപ്പിന്റെ പൂട്ട് പൊളിഞ്ഞു; 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോദ്‌റെജിന്റെ ബിസിനസ് ആസ്തികള്‍ രണ്ടായി ഭാഗിച്ചു

യോജിപ്പിന്റെ പൂട്ട് പൊളിഞ്ഞു; 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോദ്‌റെജിന്റെ ബിസിനസ് ആസ്തികള്‍ രണ്ടായി ഭാഗിച്ചു


മുംബൈ: ചെറിയ പൂട്ടുകള്‍ മുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ വരെ നിര്‍മ്മിക്കുന്ന വിപുലമായ വ്യവസായ ശൃംഖലയായ ഗോദ്‌റെജ് കമ്പനിയുടെ കുടുംബ ആസ്തികളും സ്വത്തുവകകകളും രണ്ടായി ഭാഗം വെച്ചു.
 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണത്തിലും, റിയല്‍ എസ്റ്റേറ്റ് മേഖലകളിലുമായി വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യം വിഭജിക്കപ്പെടുന്നത്. ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള അഞ്ചോളം സ്ഥാപനങ്ങളുടെ ചുമതല ഇനി ആദി ഗോദ്‌റേജും സഹോദരന്‍ നാദിറും വഹിക്കും. മുംബൈയിലെ ഭൂമിയും, ഗോദ്‌റേജ് ആന്‍ഡ് ബോയ്‌സും അതിനോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന് ബന്ധുക്കളായ ജംഷിദും, സ്മിതയും മേല്‍നോട്ടം വഹിക്കും. ഗോദ്‌റേജ് കമ്പനികളിലെ ഓഹരി ഉടമകളുടെ ഉടമസ്ഥാവകാശം പുനഃക്രമീകരിക്കുന്നതിനായാണ് വിഭജനം നടത്തിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗോദ്‌റേജ് കുടുംബാംഗങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബത്തില്‍ യോജിപ്പ് നിലനിര്‍ത്തുന്നതിനും ഉടമസ്ഥാവകാശം മികച്ച രീതിയില്‍ വിന്യസിക്കുന്നതിനുമായാണ് പുനഃക്രമീകരണം നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയും വേഗതയും വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യങ്ങള്‍ നേടുന്നതിനും ഒപ്പം ഓഹരി ഉടമകള്‍ക്കും മറ്റ് പങ്കാളികള്‍ക്കും ദീര്‍ഘകാല പ്രവര്‍ത്തനത്തിനുമുള്ള വഴിയാണിതെന്നും പ്രസ്താവനയില്‍ കമ്പനി സൂചിപ്പിച്ചു. കൂടാതെ രണ്ട് ഗ്രൂപ്പുകളും ഗോദ്‌റേജ് ബ്രാന്‍ഡ് ഉപയോഗിക്കുന്നത് തുടരുകയും ഒപ്പം അവരുടെ കുടുംബ പൈതൃകം വളര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ഫര്‍ണിച്ചര്‍, ഐടി സോഫ്റ്റ്വെയര്‍ തുടങ്ങി എയ്റോസ്പേസ് ആന്‍ഡ് എവിയേഷന്‍ മുതല്‍ പ്രതിരോധ രംഗം വരെ വ്യാപിച്ചുകിടക്കുന്ന ഗോദ്‌റേജ് & ബോയ്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്‌റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിനെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് ഗോദ്‌റേജ് നിയന്ത്രിക്കും. അദ്ദേഹത്തിന്റെ സഹോദരി സ്മിതയുടെ മകള്‍ നൈരിക ഹോള്‍ക്കര്‍ എക്സിക്യൂട്ടീവ് കമ്പനിയുടെ ഡയറക്ടറായി ചുമതലയേല്‍ക്കും. മുംബൈയിലെ 3400 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണവും ഇവരുടെ കുടുംബത്തിനായിരിക്കും.

ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ഗോദ്‌റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ് സയന്‍സസ് എന്നിവയുടെ ചെയര്‍പേഴ്സണ്‍ നാദിര്‍ ഗോദ്‌റേജായിരിക്കും. ആദിയും, നാദിറും അവരുടെ അടുത്ത കുടുംബാംഗങ്ങളുമായിരിക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. ആദിയുടെ മകന്‍ പിറോജ്ഷ ഗോദ്റെജ്, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണായിരിക്കുമെന്നും നാദിറിന്റെ പിന്‍ഗാമിയായി 2026 ഓഗസ്റ്റില്‍ ചെയര്‍പേഴ്സണാകുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഭിഭാഷകനും സംരംഭകനുമായ അര്‍ദേശിര്‍ ഗോദ്റെജും സഹോദരനും 1897-ല്‍ ഹാന്‍ഡ് ഫാഷന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ്സാണ് ആദ്യം ആരംഭിച്ചതെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരുവരും പൂട്ടുകളുടെ നിര്‍മ്മാണം ആരഭിക്കുന്നത്. അര്‍ദേശിറിന് കുട്ടികളില്ലാതിരുന്നതിനാല്‍ ഇളയ സഹോദരനായ പിറോജ്ഷ അര്‍ദേശിന് ശേഷം ഗ്രൂപ്പിന്റെ അവകാശിയായി. പിറോജ്ഷയ്ക്ക് സൊഹ്‌റാബ്, ദോസ, ബര്‍ജോര്‍, നേവല്‍ എന്നിങ്ങനെ നാല് മക്കളുണ്ടായിരുന്നു. സൊഹ്‌റാബിന് മക്കള്‍ ഇല്ലാതെ വരികയും ദോസയ്ക്ക് ഒരു മകന്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കാലക്രമേണ കമ്പനിയുടെ ചുമതല ബുര്‍ജോറിന്റെയും മക്കളായ ആദിയ്ക്കും നാദിറിനും ഒപ്പം നേവലിന്റെ മക്കളായ ജംഷിദിനും സ്മിതയ്ക്കും ലഭിച്ചു.

വിഭജനത്തിന് മുന്നോടിയായി ആദിയും നാദിര്‍ ഗോദ്റെജും ഗോദ്‌റേജ് & ബോയ്സ് ബോര്‍ഡില്‍ നിന്നും ഒപ്പം ജംഷിദ് ഗോദ്‌റേജ് ജിസിപിഎല്‍, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എന്നിവയുടെ ബോര്‍ഡുകളില്‍ നിന്നും രാജിവച്ചു. ആദിയും നാദിര്‍ ഗോദ്‌റേജും ഗോദ്‌റേജ് ആന്‍ഡ് ബോയ്സിലെ തങ്ങളുടെ ഓഹരികള്‍ മറ്റ് ബ്രാഞ്ചിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജംഷിദ് ഗോദ്റെജും കുടുംബവും ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (ജിസിപിഎല്‍), ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എന്നിവ ആദിയ്ക്കും നാദിറിനും കൈമാറും. കോടികളുടെ മൂല്യമുള്ള മുംബൈയിലെ ഭൂമി ഗോദ്റെജ് & ബോയ്സിന് (ജി&ബി) കീഴില്‍ തുടരും കൂടാതെ ഇതിന്റെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിന് പ്രത്യേക കരാറും ഉണ്ടാക്കും. വിക്രോളിയിലെ 3,000 ഏക്കര്‍ ഉള്‍പ്പെടെ മുംബൈയില്‍ 3,400 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതയുണ്ട്. 1941-42ല്‍ ബോംബെ ഹൈക്കോടതി മുഖാന്തരം പിറോജ്ഷ പൊതു ലേലത്തിലാണ് വിക്രോളിയിലെ ഭൂമി വാങ്ങിയത്. 1830-കളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഫ്രംജീ ബനാജി എന്ന പാര്‍സി വ്യാപാരി വാങ്ങിയ സ്ഥലമായിരുന്നു ഇത്. കണക്കുകള്‍ പ്രകാരം വിക്രോളിയിലെ ഭൂമിക്ക് ഒരു ലക്ഷം കോടി രൂപയുടെ വികസനസാധ്യതയുണ്ട്. ഇതിന് ഏകദേശം 1,000 ഏക്കര്‍ വികസിപ്പിക്കാന്‍ കഴിയും. അതേസമയം, 1,750 ഏക്കര്‍ ഭൂമി കണ്ടല്‍ക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഇവിടം അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസ മേഖലയാണ്.

നിലവില്‍ ആദി ഗോദ്റെജ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ നാദിര്‍ ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെയും ഗോദ്റെജ് അഗ്രോവെറ്റിന്റെയും ചെയര്‍മാനും ജംഷിദ് ഗോദ്റെജ് & ബോയ്‌സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ സഹോദരിമാരായ സ്മിത കൃഷ്ണയ്ക്കും, റിഷാദ് ഗോദ്റെജിനും ഗോദ്റെജ് & ബോയ്സില്‍ ഓഹരിയുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം വേര്‍പെടുത്താനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജംഷിദ് നിക്ഷേപ ബാങ്കറായ നിമേഷ് കമ്പാനിയെയും അഭിഭാഷകനായ സിയ മോഡിയെയും നിയമിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനായ ഉദയ് കൊട്ടക്കും നിയമ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ സ്ഥാപകനായ സിറില്‍ ഷ്രോഫുമായിരുന്നു ആദിയുടെ സഹായികള്‍. ബന്ധപ്പെട്ട റെഗുലേറ്ററികളില്‍ നിന്നും അനുമതികള്‍ ലഭിച്ചതിന് ശേഷം ഉടമസ്ഥാവകാശ പുനഃക്രമീകരണം നടപ്പാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

'1897 മുതല്‍, ഗോദ്റെജ് ആന്‍ഡ് ബോയ്സ് എല്ലായ്‌പ്പോഴും രാഷ്ട്ര പുരോഗതി എന്ന വലിയ ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്നും കുടുംബത്തിലെ പുതിയ മാറ്റങ്ങളോടെ സങ്കീര്‍ണതകള്‍ കുറച്ച് മുന്നോട്ട് പോകാനും ഉപഭോക്തൃ കേന്ദ്രീകൃതമായി ഹൈടെക് എഞ്ചിനീയറിംഗില്‍ ഉള്‍പ്പെടെ പുതിയ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ജംഷിദ് ഗോദ്റെജ് പറഞ്ഞു.

ഇന്ത്യക്ക് ഒരു സാമ്പത്തിക സ്വാതന്ത്ര്യം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിന് 1897 ലാണ് ഗോദ്റെജ് സ്ഥാപിതമായതെന്നും പരസപര വിശ്വാസത്തിലും ബഹുമാനത്തിലും മൂല്യത്തിലും അടിയുറച്ച കമ്പനിയുടെ നില നില്‍പ്പ് 125 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മള്‍ ആരാണെന്നതിന്റെ വെളിപ്പെടുത്തലാണെന്നും ഈ പൈതൃകം ശ്രദ്ധയോടെ ദൃഢമായി കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാദിര്‍ ഗോദ്‌റെജ് അഭിപ്രായപ്പെട്ടു.