ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്ന ചീറ്റകളെ അടച്ച കൂട്ടില്‍ നിന്നും തുറന്നുവിടുന്നു. ഒരു വര്‍ഷത്തോളമായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ കൂട്ടിലടച്ച നിലയിലായിരുന്നു ചീറ്റകള്‍. ആരോഗ്യ പരിശോധനയ്ക്കും നിരീക്ഷണത്തിനും വേണ്ടിയാണ് ചീറ്റകളെ അടച്ചിട്ടിരുന്നത്. ചീറ്റ പ്രൊജക്ട് സ്റ്റിയറിങ് കമ്മിറ്റിയാണ് ആഫ്രിക്കന്‍ ചീറ്റകളെയും അവയുടെ കുഞ്ഞുങ്ങളെയും തുറന്നു വിടാന്‍ തീരുമാനിച്ചത്.
മഴക്കാലം അവസാനിക്കുന്നതോടെ ചീറ്റകളെ തുറന്നു വിടുന്നതില്‍ തെറ്റില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. ഡിസംബറോടെ തീരുമാനം നടപ്പിലാക്കും.
നിലവില്‍ 12 കുഞ്ഞുങ്ങള്‍ അടക്കം 25 ചീറ്റകളാണ് കുനോയില്‍ ഉള്ളത്. 2022 സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെയും എത്തിച്ചു. ആദ്യ കാലഘട്ടത്തില്‍ ചില ചീറ്റകളെ വനത്തില്‍ സ്വതന്ത്രമാക്കിയിരുന്നു.
എന്നാല്‍ അണുബാധയെ തുടര്‍ന്ന് മൂന്നു ചീറ്റകള്‍ ചത്തതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവയെ വീണ്ടും കൂട്ടിലാക്കുകയായിരുന്നു. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിച്ചപ്പോള്‍ കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം ചീറ്റകളുടെ തൊലിയില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കുകയും തൊലി പൊട്ടി അണുബാധ ഉണ്ടായതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ചീറ്റകള്‍ക്ക് അണുബാധ ഇല്ലാതിരിക്കാനായി ചീറ്റകളെ കൂട്ടിലിട്ടത്.
ഇപ്പോള്‍ പവന്‍ എന്നു പേരിട്ട ഒരു ആണ്‍ ചീറ്റ മാത്രമാണ് വനത്തില്‍ വിഹരിക്കുന്നത്. ഇതിനെ പിടി കൂടാന്‍ ഇതു വരെയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഒരു വര്‍ഷത്തോളമായി ചീറ്റകള്‍ കൂട്ടിലാണ് കഴിയുന്നത്. ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീറ്റകള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാകുമെന്ന് ആഫ്രിക്കന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.