ഇല്ലാത്ത സര്‍വീസുകളുടെ പേരില്‍ ടിക്കറ്റുകള്‍ വിറ്റ് യാത്രക്കാരെ വഞ്ചിച്ച ക്വാണ്ടാസ് എയര്‍ലൈന്‍സ് 66 മില്യണ്‍ ഡോളര്‍ പിഴ നല്‍കണം

ഇല്ലാത്ത സര്‍വീസുകളുടെ പേരില്‍ ടിക്കറ്റുകള്‍ വിറ്റ് യാത്രക്കാരെ വഞ്ചിച്ച ക്വാണ്ടാസ് എയര്‍ലൈന്‍സ് 66 മില്യണ്‍ ഡോളര്‍ പിഴ നല്‍കണം


സിഡ്നി (ഓസ്ട്രേലിയ) : റദ്ദാക്കിയ വിമാന സര്‍വീസുകളുടെ പേരില്‍ സീറ്റുകള്‍ വിറ്റുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ എയര്‍ലൈന്‍ ക്വാണ്ടാസ് തിങ്കളാഴ്ച 66 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയിട്ടും പതിനായിരക്കണക്കിന് ഫ്‌ളൈറ്റുകളില്‍ സീറ്റ് പരസ്യം നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി ക്വാണ്ടാസ് സമ്മതിച്ചതായി ഓസ്ട്രേലിയന്‍ ഉപഭോക്തൃ കമ്മീഷന്‍ അറിയിച്ചു.

ഇല്ലാത്ത സര്‍വീസുകളില്‍ ടിക്കറ്റുകള്‍ വാങ്ങിയ 86,000 യാത്രക്കാര്‍ക്ക് ക്വാണ്ടാസ് 13 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം.

''ക്വാണ്ടാസിന്റെ പെരുമാറ്റം വളരെ മോശവും അസ്വീകാര്യവുമായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജിന കാസ്-ഗോട്ട്‌ലീബ് പറഞ്ഞു.

'റദ്ദാക്കിയ ഒരു ഫാന്റം ഫ്‌ളൈറ്റില്‍ ബുക്ക് ചെയ്തതിന് ശേഷം പല ഉപഭോക്താക്കളും അവരുടെ അവധിക്കാല, ബിസിനസ്സ്, യാത്രാ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍, 'രണ്ടോ അതിലധികമോ' ദിവസം മുമ്പ് റദ്ദാക്കിയ ഫ്‌ലൈറ്റുകളില്‍ പോലും ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ്  നല്‍കിയിട്ടുണ്ടെന്ന് ക്വാണ്ടാസ് പറഞ്ഞു.

ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയും  എയര്‍ലൈന്‍ സ്വന്തം നിലവാരത്തില്‍ നിന്ന് വീഴുകയും ചെയ്തതാതയി ക്വാണ്ടാസ് ചീഫ് എക്‌സിക്യൂട്ടീവ് വനേസ ഹഡ്‌സണ്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു.
 
റദ്ദാക്കല്‍ അറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കുന്നതില്‍ പരാജയപ്പെട്ടത് ഞങ്ങളുടെ ഉപഭോക്താക്കളില്‍ പലരെയും ബാധിച്ചതായി ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു- ക്വാണ്ടാസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ക്വാണ്ടാസും ഓസ്ട്രേലിയന്‍ ഉപഭോക്തൃ കമ്മീഷനും തമ്മിലുള്ള 66 മില്യണ്‍ യുഎസ് ഡോളര്‍ (100 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) പിഴ ഉടമ്പടി ഓസ്ട്രേലിയയിലെ ഫെഡറല്‍ കോടതി അംഗീകരിക്കേണ്ടതുണ്ട്.

'സ്പിരിറ്റ് ഓഫ് ഓസ്ട്രേലിയ' എന്ന് ദീര്‍ഘകാലമായി വിളിക്കപ്പെടുന്ന, 103 വര്‍ഷം പഴക്കമുള്ള ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസ് അതിന്റെ നഷ്ടമായ പ്രശസ്തി തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിലാണ്.

കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കുകള്‍, സേവനത്തിലെ മന്ദഗതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍, കോവിഡ് -19 പാന്‍ഡെമിക് സമയത്ത് 1,700 ഗ്രൗണ്ട് സ്റ്റാഫുകളെ പിരിച്ചുവിടല്‍ എന്നിവ മൂലം ക്വാണ്ടാസ് നേരത്തെ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.

റദ്ദാക്കിയ വിമാനങ്ങളില്‍ സീറ്റുകള്‍ വില്‍ക്കുന്നതിനെ ക്വാണ്ടാസ് നേരത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ക്വാണ്ടാസ് 1.1 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ലാഭത്തോടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നു.

വിമാനക്കമ്പനി വന്‍തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ മുതിര്‍ന്ന ചീഫ് എക്സിക്യൂട്ടീവ് അലന്‍ ജോയ്സ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതും തിരിച്ചടിയായി.