മനുഷ്യ റോബോട്ടുകളെ അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തിക്കുമെന്ന് എലോണ്‍ മസ്‌ക്

മനുഷ്യ റോബോട്ടുകളെ അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തിക്കുമെന്ന് എലോണ്‍ മസ്‌ക്


ന്യൂയോര്‍ക്ക്:  തൊഴിലാളി ക്ഷാമമുള്ള നാടുകളില്‍ മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ റോബോട്ടുകളെക്കൊണ്ടു ചെയ്യിക്കാനുള്ള ആശയം അത്ര പുതിയതൊന്നുമല്ല. പക്ഷെ വീടുകളിലും കടകളിലുമൊക്കെ ആവശ്യമായ സാധാരണ ജോലികള്‍ ചെയ്യാന്‍ സദാ കൂടെ നടക്കുന്ന ഒരു റോബോട്ട് ആണെങ്കില്‍ അത് പൊളിക്കും. ഇത്തരമൊരാശയം  ടെസ്ല സി.ഇ.ഒയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് അടുത്തിടെ പങ്കുവെച്ചിരുന്നു. സ്വന്തമായി യോഗ ചെയ്യാനും, മുട്ട പുഴുങ്ങാനും, വസ്ത്രങ്ങള്‍ അയണ്‍ ചെയ്യാനുമെല്ലാം സാധിക്കുന്ന റോബോട്ടിന്റെ വീഡിയോ മസ്‌ക് സമൂഹ മാധ്യമങ്ങള്‍ വഴി മുന്‍പ് പങ്ക് വച്ചിരുന്നു.

ഹ്യൂമനോയ്ഡ് റോബോട്ടുകളെ അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ഒപ്റ്റിമസ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് നിലവില്‍ ലാബില്‍ വികസന ഘട്ടത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോജോസ്റ്റിക്‌സ്, വെയര്‍ ഹൗസിങ്, റീട്ടെയില്‍ മേഖലകളിലെ കമ്പനികളുടെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ആവര്‍ത്തിച്ചുള്ള ജോലികള്‍ എളുപ്പമാക്കുന്നതിനും ഈ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ ടെസ്ലയുടെ ഫാക്ടറികളില്‍ റോബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് നിക്ഷേപകരുടെ യോഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. റോബോട്ടുകളുടെ നിര്‍മ്മാണവും വില്‍പ്പനയും തങ്ങളുടെ അടിസ്ഥാന കാര്‍ നിര്‍മ്മാണ പദ്ധതികളെക്കാള്‍ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മസ്‌ക് അവകാശപ്പെട്ടു. കൂടാതെ വര്‍ധിച്ച തോതില്‍ റോബോട്ടുകളുടെ നിര്‍മ്മാണം നടത്താന്‍ ടെസ്ലയ്ക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും മസ്‌ക് പ്രകടിപ്പിച്ചു.

അതേസമയം, മസ്‌കിന്റെ പ്രഖ്യാപനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 2020 ഓടെ ഓട്ടോണമസ് കാറുകളുടെ ശൃംഖലയായ റോബോടാക്‌സികള്‍ നിരത്തിലിറക്കുമെന്ന് 2019 ല്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ബമ്പിള്‍ബീ എന്ന് പേരിട്ടിരിക്കുന്ന ഒപ്റ്റിമസിന്റെ ഒന്നാം തലമുറ റോബോട്ടുകളെ 2022 സെപ്റ്റംബറില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. സ്വന്തമായി തുണികള്‍ മടക്കുന്ന രണ്ടാം തലമുറ റോബോട്ടുകളുടെ വീഡിയോയും ഈ വര്‍ഷം കമ്പനി പുറത്ത് വിട്ടിരുന്നു.

ടെസ്ലയ്ക്ക് പുറമെ വാഹന നിര്‍മ്മാതാക്കളായ ജപ്പാന്റെ ഹോണ്ടയും, ഹ്യുണ്ടായിയുടെ ബോസ്റ്റോണ്‍ ഡൈനാമിക്‌സും റോബോട്ടുകള്‍ വികസിപ്പിക്കുന്നുണ്ട്. തങ്ങളുടെ യുഎസ് കമ്പനികളില്‍ റോബോട്ടുകള്‍ അവതരിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റും എന്‍വിഡിയയും ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.