പുനഃസംഘടനയ്ക്കിടയില്‍ സോഫ്റ്റ്വെയര്‍, സര്‍വീസ് വിഭാഗങ്ങളിലെ ജീവനക്കാരെ ടെസ്ല പിരിച്ചുവിടുന്നു

പുനഃസംഘടനയ്ക്കിടയില്‍ സോഫ്റ്റ്വെയര്‍, സര്‍വീസ് വിഭാഗങ്ങളിലെ ജീവനക്കാരെ ടെസ്ല പിരിച്ചുവിടുന്നു


ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല അതിന്റെ സോഫ്റ്റ്വെയര്‍, സര്‍വീസ്, എഞ്ചിനീയറിംഗ് വകുപ്പുകളില്‍ പിരിച്ചുവിടലുകള്‍ ആരംഭിച്ചതായി ടെക് പ്രസിദ്ധീകരണമായ ഇലക്ട്രെക്ക് റിപ്പോര്‍ട്ട് ചയ്തു.

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ഡിവിഷന്‍ പിരിച്ചുവിട്ടതുള്‍പ്പെടെ ആഗോള തൊഴിലാളികളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കുമെന്ന കമ്പനിയുടെ കഴിഞ്ഞ മാസത്തെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം ടെസ്ല ജീവനക്കാര്‍ക്ക് വിവിധ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് വാരാന്ത്യത്തില്‍ ഇമെയിലുകള്‍ ലഭിച്ചതായി ഇക്കാര്യം പരിചിതമായ സ്രോതസ്സുകള്‍ വെളിപ്പെടുത്തി.

ടെസ്ലയുടെ ഓഹരികളില്‍ 1 ശതമാനത്തിലധികം നേരിയ വര്‍ധനയുണ്ടായെങ്കിലും, സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം, ടെക്സാസ്, കാലിഫോര്‍ണിയ, നെവാഡ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ 6,700-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി കാണിച്ച് ടെസ്ല നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വില്‍പ്പന കുറവും വാഹന വിപണിയിലെ ഉയര്‍ന്ന മത്സരവും മൂലം ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.

വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള രൂക്ഷമായ വിലയുദ്ധവും പലിശനിരക്കുകള്‍ വര്‍ധിച്ചതും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ മന്ദഗതിയിലാക്കി.

ഇതിനെ നേരിടാനായി, ടെസ്ല ഓട്ടോണമസ് ഡ്രൈവിംഗ് സോഫ്റ്റ്വെയര്‍, റോബോടാക്സിസ്, ഹ്യൂമനോയിഡ് റോബോട്ട് പ്രോജക്റ്റ് ഒപ്റ്റിമസ് എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണ്.

ടെസ്ലയുടെ പുനരുജ്ജീവന ശ്രമങ്ങളില്‍ ചെലവ് ചുരുക്കല്‍ നടപടികളും ഉള്‍പ്പെടുന്നു, കൂട്ട പിരിച്ചുവിടലുകള്‍ കാരണം രണ്ടാം പാദത്തില്‍ 350 മില്യണ്‍ ഡോളറിലധികം ചെലവ് കുറയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഡ്രൂ ബാഗ്ലിനോ, രോഹന്‍ പട്ടേല്‍, റെബേക്ക ടിനൂച്ചി, ഡാനിയല്‍ ഹോ എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര എക്സിക്യൂട്ടീവുകള്‍ മുന്‍ പുന:സംഘടനയ്ക്കിടയില്‍ കമ്പനിയില്‍ നിന്ന് പുറത്തുപോയിരുന്നു.

അതേസമയം, മൂലധനച്ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിന് നിലവിലുള്ള പ്ലാറ്റ്ഫോമുകളും പ്രൊഡക്ഷന്‍ ലൈനുകളും ഉപയോഗിച്ച് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതികളുമായി ടെസ്ല അതിന്റെ ഉല്‍പ്പന്ന നിരയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവരികയാണ്.