കോതമംഗലം: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് എത്തിച്ച നാട്ടാനകള്‍ ഏറ്റുമുട്ടി. കോതമംഗലത്താണ് സംഭവം. സംഘര്‍ഷത്തിന് പിന്നാലെ രണ്ട് ആനകളും കാട്ടിലേക്ക് കയറിയെങ്കിലും ഒരാന തിരികെ വന്നു. ഉള്‍ക്കാട്ടിലേക്ക് കയറിയ ഒരാനയെ കാണാതായി.
ഭൂതത്താന്‍കെട്ട് തുണ്ടം വനമേഖലയിലാണ് ഒരാഴ്ചയായി തെലുങ്ക് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആനകളുടെ ഏറ്റുമുട്ടല്‍ അരങ്ങേറിയത്.
കാട്ടിലേക്ക് കയറിയ പുതുപ്പള്ളി സാധു എന്ന ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്. റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്മാരും വനത്തിലേക്ക് കയറി.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ട് കൊമ്പനാനകളെയുമാണ് സിനിമാ ചിത്രീകരണത്തിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആനകളുടെ അടിപിടി നടന്നതോടെ മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി.