അടിമുടി ഞെട്ടിക്കാന്‍ 'പെരുമാനി'യിലെ കൂട്ടര്‍ എത്തുന്നു; ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി

അടിമുടി ഞെട്ടിക്കാന്‍ 'പെരുമാനി'യിലെ കൂട്ടര്‍ എത്തുന്നു; ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി


കൊച്ചി: സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'അപ്പന്‍' ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി'യുടെ ടീസര്‍ പുറത്തുവിട്ടു. 'പെരുമാനി' എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികള്‍, ഇനി കലഹത്തിനും പ്രശ്‌നങ്ങള്‍ക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടന്‍ മട്ടില്‍ കളര്‍ഫുളായെത്തിയ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാന്‍ 'പെരുമാനി'യിലെ കൂട്ടര്‍ മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും.


2022 ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ന്‍- അലന്‍സിയര്‍ ചിത്രം 'അപ്പന്‍'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. 


'പെരുമാനി' എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകന്‍ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.


സംഗീതം: ഗോപി സുന്ദര്‍, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.