സൂപ്പര്‍മാനെ ആരാധിക്കുന്ന കുട്ടികളുടെ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു

സൂപ്പര്‍മാനെ ആരാധിക്കുന്ന കുട്ടികളുടെ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു


സൂപ്പര്‍മാനെ ആരാധിക്കുന്ന കുട്ടികളുടെ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു. ഏപ്രില്‍ ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കോഴിക്കോട്ടെ കുന്ദമംഗലത്തിനടുത്ത്-കോട്ടാല്‍ത്താഴം എന്ന ഗ്രാമത്തിലെ സങ്കേതം ജംഗ്ഷനിലായിരുന്നു കിരണ്‍ നാരായണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

വൈവിദ്ധ്യമാര്‍ന്ന പ്രമേയത്തിലൂടെ ശ്രദ്ധേയമായ 'ഒരു ബിരിയാണി കിസ്സ' എന്ന ചിത്രത്തിനു ശേഷം കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവര്‍ക്ക് താങ്ങും തണലുമാകുന്ന ഒരു ചെറുപ്പക്കാരന്റേയും ആത്മബന്ധത്തിന്റെ കഥയാണ് നര്‍മ്മത്തിലൂടെയും ഒപ്പം ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുന്നത്.

ലളിതമായി നടന്ന ചടങ്ങില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ഫസ്റ്റ് ക്ലാപ്പു നല്‍കിക്കൊണ്ടാണ് ചിത്രത്തിന് തുടക്കമായത്.

ആദ്യ രംഗത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബാലതാരങ്ങളായ ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണന്‍, ധ്യാന്‍ നിരഞ്ജന്‍ എന്നിവരുമാണ് അഭിനയിച്ചത്.

സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന നാലു കുട്ടികള്‍ പുളി, ഇയാന്‍ ഹര്‍ഷന്‍, മെഹ്ഫില്‍, എന്നിവരാണിവര്‍. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നാഗ്രഹിച്ചു നടക്കുകയാണിവര്‍. തങ്ങള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ നാട്ടിലെ പ്രിയേഷ് എന്ന ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു. പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന്‍ അവതരിപ്പിക്കുന്നത്. കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം.

കുട്ടികളേയും, കുടുംബങ്ങളേയും ഏറെ ആകര്‍ഷിക്കും വിധത്തിലാണ് ചിത്രത്തിന്റെ അവതരണം.
വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.

ലാലു അലക്‌സ്, സാജു നവോദയാ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്. ജി. മേനോന്‍, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ, അര്‍ഷ, സൂസന്‍ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്.

കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
ഫൈസല്‍ അലി ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അരുണ്‍ വെഞ്ഞാറമൂട്.
മേക്കപ്പ് - ബൈജു ബാലരാമപുരം.
കോസ്റ്റ്യും ഡിസൈന്‍ -സുജിത് മട്ടന്നൂര്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിബു രവീന്ദ്രന്‍.
അസോസിയേറ്റ് ഡയറക്ടര്‍ -സഞ്ജയ്. ജി. കൃഷ്ണന്‍
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ -ചന്ദ്രമോഹന്‍ എസ്.ആര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പാപ്പച്ചന്‍ ധനുവച്ചപുരം.
താര കാരാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കുന്ദമംഗലം, മുക്കം, ഭാഗങ്ങളിലായി  പൂര്‍ത്തിയാകും.

വാഴൂര്‍ ജോസ്.

ഫോട്ടോ - ശാലു പേയാട്.