ഇന്ത്യ പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ഇന്ന് അമേരിക്കയില്‍ ; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഇന്ത്യ പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ഇന്ന് അമേരിക്കയില്‍ ; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം


ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-അമേരിക്ക പോരാട്ടം ഇന്ന് അമേരിക്കയില്‍.
 ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യ മത്സരത്തിനൊരുങ്ങുന്നത്. ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിതമായി തോറ്റ ഞെട്ടലിലാണ് പാകിസ്ഥാന്‍.  അമേരിക്ക തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും നില്‍ക്കുകയാണ്.

യുഎസ്എയുടെ രണ്ട് വിജയങ്ങള്‍ ഗ്രൂപ്പിന്റെ സമവാക്യങ്ങളും മാറ്റിയിട്ടുണ്ട്. പാകിസ്ഥാനാണ് ഇക്കാര്യത്തില്‍ പെട്ടിരിക്കുന്നത്. അവര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സൂപ്പര്‍ 8 ല്‍ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യു എസ് എ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാല്‍ തന്നെ പാകിസ്ഥാന് ജീവന്‍മരണമാണ്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ പാകിസ്ഥാന്‍ പുറത്താകും.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്. ആദ്യ എഡിഷനിലെ ഫൈനലിലുള്‍പ്പടെ ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2021 ല്‍ മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ വീണിട്ടുള്ളത്. ദുബായ് ലോകകപ്പില്‍ പത്തുവിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് അന്ന് ഇന്ത്യ വഴങ്ങിയത്. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ ദുബായിലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടി. കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും അശ്വിന്റെ ക്ലാസിക് ഒഴിഞ്ഞുമാറലും അവസാന പന്തിലെ ജയവും ഇന്നും ആരാധകര്‍ മറക്കില്ല. അതുപോലെ ഒരു തകര്‍പ്പന്‍ പോരാട്ടമാണ് ഇന്ന് അമേരിക്കന്‍ മണ്ണിലും പ്രതീക്ഷിക്കുന്നത്.