സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിയുതിര്‍ത്ത കേസിലെ പ്രതികളിലൊരാള്‍ ലോക്കപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിയുതിര്‍ത്ത കേസിലെ പ്രതികളിലൊരാള്‍ ലോക്കപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍


മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ലോക്കപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ പോലീസ് ആസ്ഥാനത്ത് ലോക്കപ്പില്‍ ആത്മഹത്യക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയ അനൂജ് ഥാപ്പനെ (32) ജിടി ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒന്നാം നിലയിലെ പോലീസ് ലോക്കപ്പിലെ കുളിമുറിയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസിലെ മറ്റ് രണ്ട് പ്രതികളെ മൊഴി രേഖപ്പെടുത്താന്‍ കൊണ്ടുപോയപ്പോള്‍, മറ്റ് 10 പ്രതികള്‍ക്കൊപ്പം ഥാപ്പന്‍ സെല്ലിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 11 മണിയോടെ കുളിമുറിയിലേക്ക് പോയ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.  

കഴിഞ്ഞയാഴ്ച പഞ്ചാബില്‍ നിന്നുമാണ് മുംബൈ ക്രൈം ബ്രാഞ്ച് ഥാപ്പനെ അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 14 ന് സല്‍മാന്റെ വസതിക്ക് പുറത്ത് അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത രണ്ട് പ്രതികള്‍ക്കായി തോക്ക് എത്തിച്ചതില്‍ ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന്
കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.  

കേസില്‍ ഥാപ്പനെ കൂടാതെ, വെടിയുതിര്‍ത്ത മോട്ടോര്‍ബൈക്കിലുണ്ടായിരുന്ന സാഗര്‍ പാലും വിക്കി ഗുപ്തയും ഉള്‍പ്പെടെ മൂന്ന് പേരെ മുംബൈ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാം പ്രതി സോനു ബിഷ്ണോയിക്ക് അസുഖം ബാധിച്ച് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഏപ്രില്‍ 14 ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം സല്‍മാന്റെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിവച്ചത്. നടന്റെ മുബൈയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ പുറത്താണ് വെടിവയ്പ്പ് നടന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിയുതര്‍ത്തതായാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്.

സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് വെടിവെപ്പിന് പിന്നിലെന്നും വ്യക്തമായിരുന്നു.