പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ

പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ


ബെഗളൂരു: കര്‍ണാടകയില്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിസ്ഥാനത്തുള്ള ജെഡിഎസ് എംപി പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് നയതന്ത്ര പൊലീസ് ചാനലുകള്‍ ഉപയോഗിച്ച് പ്രജ്വലിനെ നാട്ടിലെത്തിക്കുന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേ സമയം ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകര്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചുവെന്നായിരുന്നു പ്രജ്വല്‍ രേവണ്ണ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ ഏഴു ദിവസത്തെ സമയം ആവശ്യപ്പെട്ടതായുള്ള പ്രജ്വലിന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പീഢനത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും എസ്‌ഐടി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ്.

ഏപ്രില്‍ 28 ന് നിരവധി ഇരകള്‍ തനിക്കെതിരെ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് പ്രജ്വല്‍ രാജ്യം വിട്ടെന്ന് സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു. ''ആസന്നമായ പോലീസ് കേസും അറസ്റ്റും മനസ്സിലാക്കി, കുറ്റാരോപിതനായ പാര്‍ലമെന്റ്  അംഗവും ലോക്‌സഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ. , രാജ്യം വിട്ട് ഏപ്രില്‍ 27 ന് വിദേശത്തേക്ക് പോയി. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിലാണ് അദ്ദേഹം വിദേശ യാത്ര ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് അറിയുന്നത്, ''കത്തില്‍ പറയുന്നു.

രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടുന്നതിന് അദ്ദേഹത്തെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത് അത്യന്താപേക്ഷിതമാണ്, സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനും ഇന്ത്യാ ഗവണ്‍മെന്റിന്റെ നയതന്ത്ര, പോലീസ് ചാനലുകളെയും അന്താരാഷ്ട്ര പോലീസ് ഏജന്‍സികളെയും ഉപയോഗിച്ച് പ്രജ്വലിനെ രാജ്യത്ത് എത്തിക്കാനുള്ള മറ്റ് നടപടികള്‍ കൈക്കൊള്ളാനും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

കത്തയച്ചതിന് പിന്നാലെ പ്രജ്വലിനെ രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്ന് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''വിദേശത്തേക്ക് പറക്കാന്‍, ആരാണ് പാസ്പോര്‍ട്ട് നല്‍കുന്നത്? ആരാണ് വിസ നല്‍കുന്നത്? കേന്ദ്രത്തിന്റെ അറിവില്ലാതെയാണോ അദ്ദേഹം പോയത്... ബിജെപി സ്ത്രീപക്ഷത്താണ് നില്‍ക്കുന്നതെങ്കില്‍ ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാണ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയതെന്നും സിദ്ധരാമയ്യ ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുന്‍ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍ രേവണ്ണ. വീഡിയോ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതുവെന്നും എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാകും സസ്‌പെന്‍ഷന്റെ കാലാവധിയെന്നും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ എച്ച് ഡി കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലൈംഗികാതിക്രമ കേസില്‍ പ്രജ്വലിന്റെ പങ്ക് തെളിയിക്കപ്പെട്ടാല്‍ അയാള്‍ പിന്നീട് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ ജെഡിഎസ് പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്കൊപ്പമാണെന്നും കുമാരസ്വാമി പറഞ്ഞു.

അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുന്നില്‍ക്കണ്ട് പ്രജ്വല്‍ രാജ്യം വിട്ട് ജര്‍മ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓണ്‍ലൈന്‍ ക്ലിപ്പുകള്‍ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകന്‍ പ്രജ്വലിന്റേയും പേരില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ അവര്‍ ആരോപിക്കുന്നു.

പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ജെഡി (എസ് )

ബെംഗളൂരു: ദിവസങ്ങളായി കത്തിനില്‍ക്കുന്ന ലൈംഗികാതിക്രമ വിവാദത്തില്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നടപടിയുമായി ജനതാദള്‍ എസ്. നിലവില്‍ എംപിയും ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതതായി ജെഡി(എസ്) കോര്‍ കമ്മിറ്റി പ്രസിഡന്റ് ജിടി ദേവഗൗഡ പറഞ്ഞു. ജെഡി(എസ്) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്ക് നടപടി സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജെഡിഎസിന്റെ നേതൃയോഗത്തിന് ശേഷം ജിടി ദേവഗൗഡ വ്യക്തമാക്കി.

വീഡിയോ വിവാദത്തിന്റെ ഫശ്ചാത്തലത്തില്‍ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതുവെന്നും എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാകും സസ്‌പെന്‍ഷന്റെ കാലാവധിയെന്നും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കി. ലൈംഗികാതിക്രമ കേസില്‍ പ്രജ്വലിന്റെ പങ്ക് തെളിയിക്കപ്പെട്ടാല്‍ അയാള്‍ പിന്നീട് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ ജെഡിഎസ് പീഡിതരായ സ്ത്രീകള്‍ക്കൊപ്പമാണെന്നും കുമാരസ്വാമി പറഞ്ഞു.

ഇത്തരമൊരു വിഷയത്തില്‍ ഒരു സ്ത്രീയെയും കുടുംബത്തെയും അനീതി നേരിടാന്‍ ജെഡി(എസ്) അനുവദിക്കില്ലെന്നതാണ് ഈ തീരുമാനത്തിന് കാരണമെന്ന് തീരുമാനം വിശദീകരിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം ഉപയോഗിച്ച് ഞങ്ങളുടെ കുടുംബത്തിന്റെ പേര് നശിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണമല്ല അത്തരത്തില്‍ ഗൂഢാലോചന നടത്തുന്നവരുടെ ലക്ഷ്യം. ഈ കേസ് ഉപയോഗിച്ച്, എച്ച് ഡി ദേവഗൗഡയുടെ പേരും കുമാരസ്വാമിയുടെ പേരും തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

കേസില്‍ പ്രജ്വല് രേവണ്ണയുടെ പങ്ക് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രജ്വലിനെതിരെ നടപടി എടുത്തിരിക്കുന്നത്. പ്രജ്വലിന്റെ പിതാവും ഹോളനരസിപുര എംഎല്‍എയുമായ എച്ച്ഡി രേവണ്ണയേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും രേവണ്ണയ്‌ക്കെതിരായി പാര്‍ട്ടി നടപടികളൊന്നും ഉണ്ടായിട്ടില്ല.

അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുന്നില്‍ക്കണ്ട് പ്രജ്വല്‍ രാജ്യം വിട്ട് ജര്‍മ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓണ്‍ലൈന്‍ ക്ലിപ്പുകള്‍ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകന്‍ പ്രജ്വലിന്റേയും പേരില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ അവര്‍ ആരോപിക്കുന്നു.