പന്നൂന്‍ വധഗൂഢാലോചന കേസ് അന്വേഷണം ഇന്ത്യയുമായി ചേര്‍ന്നെന്ന് അമേരിക്ക

പന്നൂന്‍ വധഗൂഢാലോചന കേസ് അന്വേഷണം ഇന്ത്യയുമായി ചേര്‍ന്നെന്ന് അമേരിക്ക


ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയുമായി ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അമേരിക്ക. അന്വേഷണത്തിന്റെ എല്ലാ തലങ്ങളിലും കൃത്യമായ കൂടിയാലോചനകള്‍ ഇന്ത്യയുമായി നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യ നിയോഗിച്ചിട്ടുള്ള അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ഫലങ്ങളെ അടിസ്ഥാനമാക്കി തങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്റെ പരാമര്‍ശങ്ങള്‍. 'പന്നൂന്‍ കേസില്‍ ഇന്ത്യ നിയോഗിച്ച അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ഫലങ്ങളെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നത് തുടരുന്നു, ഞങ്ങള്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി അന്വേഷിക്കുകയും ചെയ്യുന്നു.' ''ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ മുതിര്‍ന്ന തലങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഉന്നയിക്കുന്നത് തുടരും, എന്നാല്‍ അതിനപ്പുറത്തേക്ക് ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, ' പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ മണ്ണില്‍ പന്നൂണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥനെ പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വേദാന്ത് പട്ടേലിന്റെ പരാമര്‍ശങ്ങള്‍.

അതേ സമയം വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പന്നൂന്‍ വധശ്രമ ഗൂഢാലോചനയില്‍ റോ ഉദ്യോഗസ്ഥന്റെ പേരുള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയിരിക്കുന്നത് തീര്‍ത്തും അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്നായിരുന്നു വിദേശകാര്യ മാന്ത്രാലയത്തിന്റെ പ്രതികരണം.

പേരുവെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം, പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു റോ ഉദ്യോഗസ്ഥന്റെ പേര് പരാമര്‍ശിച്ചത് തീര്‍ത്തും അനാവശ്യമായ പ്രവര്‍ത്തിയാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 'പ്രശ്‌നത്തിലുള്ള റിപ്പോര്‍ട്ട് ഗുരുതരമായ വിഷയത്തില്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു,' ജയ്സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കയില്‍ ഖലിസ്ഥാന്‍ തീവ്രവാദിയായ പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതില്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടൊപ്പം പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റാരോപിതനാക്കിയത്. തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യ തിരയുന്ന പന്നൂന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുണ്ട്.

ദേശീയ സുരക്ഷയെ ബാധിക്കുന്നതിനാല്‍ കേസില്‍ യുഎസില്‍ നിന്ന് ലഭിച്ച ഇന്‍പുട്ടുകള്‍ പരിശോധിക്കാന്‍ ഇന്ത്യ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചതായി ഡിസംബര്‍ 7 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.