കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ ഡിയോട് ചോദ്യമുന്നയിച്ച് സുപ്രിം കോടതി

കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ ഡിയോട് ചോദ്യമുന്നയിച്ച് സുപ്രിം കോടതി


ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും ചോദ്യം ചെയ്ത് അരവിന്ദ്  കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

സ്വാതന്ത്ര്യം വളരെ പ്രധാനമാണെന്നും അത് നിഷേധിക്കാനാവില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവര്‍ ചൂണ്ടിക്കാണിച്ച അറസ്റ്റിന്റെ സമയത്തെക്കുറിച്ചാണ് ചോദിക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അരവിന്ദ് കേജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കുറ്റകൃത്യത്തിന്റെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നും കേജ്രിവാള്‍ കേസില്‍ നേരിട്ട് പങ്കെടുത്തതിന്റെ തെളിവുകളുടെ അഭാവമാണെന്നും കോടതിയെ അറിയിച്ചു.

അടുത്ത ഹിയറിങ് നടക്കുന്ന മെയ് മൂന്നിന് വെള്ളിയാഴ്ച മറുപടി നല്‍കാനാണ് ഇ ഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കേജ്രിവാള്‍ മെയ് ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഏപ്രില്‍ ഒന്‍പതിന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.