പിരിഞ്ഞു പോകാനുള്ള അന്ത്യശാസനം തള്ളിയ വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ കൊളംബിയ യൂണിവേഴ്‌സിറ്റി പുറത്താക്കുന്നു

പിരിഞ്ഞു പോകാനുള്ള അന്ത്യശാസനം തള്ളിയ വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ കൊളംബിയ യൂണിവേഴ്‌സിറ്റി പുറത്താക്കുന്നു


ന്യൂയോര്‍ക്ക്: വിവിധ യുഎസ് കോളേജുകളില്‍ ആരംഭിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ കൊളംബിയ യൂണിവേഴ്സിറ്റി സസ്‌പെന്‍ഡ് ചെയ്തു തുടങ്ങി. കാമ്പസുകള്‍ക്ക് നാശം വരുത്തിവച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ നല്‍കിയ സമയ പരിധി കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തവരെയാണ് സര്‍വകലാശാല പുറത്താക്കുന്നത്.

ഉച്ചയ്ക്ക് രണ്ടിന് (1800 ജിഎംടി) പ്രതിഷേധ ക്യാമ്പ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ക്യാമ്പുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമ്പോള്‍ തന്നെ ഇസ്രായേലില്‍ നിന്ന് പിന്മാറാനുള്ള പ്രതിഷേധക്കാരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് സര്‍വകലാശാലയിലെ മിനോഷ് ഷാഫിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും അച്ചടക്കനടപടികള്‍ ശക്തമാക്കുമെന്നും സര്‍വകലാശാല അറിയിച്ചു.


''ഉച്ചയ്ക്ക് 2 മണിക്ക് നിങ്ങള്‍ പോയില്ലെങ്കില്‍, കൂടുതല്‍ അന്വേഷണ വിധേയമായി നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് നിങ്ങള്‍ സ്വമേധയാ പുറപ്പെടുകയാണെങ്കില്‍, സര്‍വ്വകലാശാലാ ഉദ്യോഗസ്ഥരെ കണ്ട് 2025 ജൂണ്‍ 30 വരെ എല്ലാ സര്‍വ്വകലാശാലാ നയങ്ങളും പാലിക്കാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരായി നല്‍കിയിരിക്കുന്ന ഫോമില്‍ ഒപ്പിട്ടു നല്‍കണം. നല്ല നിലയില്‍ സെമസ്റ്റര്‍ പൂര്‍ത്തിയാക്കാനോ ബിരുദം നേടാനോ ഉള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക- സര്‍വകലാശാല ആവശ്യപ്പെട്ടു.
എന്നാല്‍ ഈ നടപടികളെ വെറുപ്പിക്കാനും ഭയപ്പെടുത്താനുമുള്ള സര്‍വകലാശാലയുടെ തന്ത്രങ്ങള്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിച്ചത്.

ഗാസയില്‍ കൊല്ലപ്പെട്ട 34,000 പാലസ്തീനികളുടെ മരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വെറുപ്പുളവാക്കുന്ന ഭയപ്പെടുത്തുന്ന തന്ത്രങ്ങള്‍ ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്ന് സര്‍വകലാശാല നല്‍കിയ സമയപരിധിയോട് പ്രതികരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

'കൊളംബിയ ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഞങ്ങള്‍ പോകില്ല, അല്ലെങ്കില്‍ ... ബലം പ്രയോഗിച്ച് നീക്കാം- മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

സമയപരിധി പാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കാമ്പസില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയിരിക്കുന്നതായി, കൊളംബിയ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ബെന്‍ ചാങ് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഷനില്‍ നിര്‍ത്തുമെന്നും സെമസ്റ്റര്‍ അല്ലെങ്കില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ യോഗ്യരാക്കില്ലെന്നും എല്ലാ അക്കാഡമിക്, റെസിഡന്‍ഷ്യല്‍, റിക്രിയേഷണല്‍ ഇടങ്ങളില്‍ നിന്നും തടയുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചര്‍ച്ചകളുടെ തകര്‍ച്ചയില്‍ നിരാശ പ്രകടിപ്പിച്ച ചാങ് പറഞ്ഞു, 'ഞങ്ങള്‍ പ്രതീക്ഷയുള്ളവരായിരുന്നു, ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് സമവായത്തിലെത്താന്‍ കഴിയാതെ വന്നതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്.


'ഞങ്ങളുടെ പല ജൂത വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളും സമീപ ആഴ്ചകളില്‍ അന്തരീക്ഷം അസഹനീയമാണെന്ന് കണ്ടെത്തി. പലരും ക്യാമ്പസ് വിട്ടുപോയി. , അതൊരു ദുരന്തമാണ്.- തിങ്കളാഴ്ച (ഏപ്രില്‍ 29) ഒരു പ്രസ്താവനയില്‍ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനൗഷെ ഷാഫിക് പറഞ്ഞു.

''യഹൂദവിരുദ്ധ ഭാഷയും പ്രവര്‍ത്തനങ്ങളും അസ്വീകാര്യമാണ്, അക്രമത്തിനുള്ള ആഹ്വാനങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി

അതിനിടെ, ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടുകയും ഒരു ക്യാമ്പ് പൊളിച്ചു നീക്കുന്നതിനിടെ അവരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

താമസിക്കാന്‍ അനുവദിക്കില്ല, പകരം അറസ്റ്റ് ചെയ്യുകയാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

34,000 പാലസ്തീനികള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും പ്രദേശം പട്ടിണിയുടെ വക്കിലെത്തുകയും ചെയ്ത ഗാസ യുദ്ധത്തിനെതിരെയുള്ള പ്രകടനങ്ങളും പ്രതിഷേധവുമാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ന്യൂയോര്‍ക്ക് കാമ്പസ്, ഉള്‍പ്പെടെ അമേരിക്കയിലെ ഒന്നിലധികം കോളേജുകളെ നശിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ കേന്ദ്രങ്ങളായി മാറിയത്.