കാനഡയുടെ ചെലവില്‍ മറ്റു രാജ്യത്തിന്റെ താത്പര്യങ്ങള്‍ നിറവേറ്റുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സി

കാനഡയുടെ ചെലവില്‍ മറ്റു രാജ്യത്തിന്റെ താത്പര്യങ്ങള്‍ നിറവേറ്റുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സി


ഒന്റാരിയോ: ഇന്ത്യ 2023ല്‍ കാനഡയില്‍ ചാരവൃത്തിയും ഇടപെടലും നടത്തിയെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. കാനഡയില്‍ ശത്രുതാപരമായ വിദേശ ഇടപെടലുകളിലും ചാരപ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സി ആരോപിക്കുന്നത്. കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സി എസ് ഐ എസ്) ഈ ആഴ്ച പുറത്തിറക്കിയ 2023ലെ പൊതു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാനഡയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും വിദേശ ഇടപെടലുകളുടെയും ചാരവൃത്തിയുടെയും പ്രധാന കുറ്റവാളികളില്‍ ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2023-ല്‍, ഈ രാജ്യങ്ങളും അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും 'അവരുടെ ലക്ഷ്യങ്ങളും താത്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് പലതരം ശത്രുതാപരമായ വിദേശ ഇടപെടലുകളിലും ചാരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് തുടരുകയാണ്' എന്ന് കനേഡിയന്‍ ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.

സി എസ് ഐ എസ് നിയമം 'വിദേശ-സ്വാധീനമുള്ള പ്രവര്‍ത്തനങ്ങളെ' 'കാനഡയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരവും രഹസ്യാത്മകമോ വഞ്ചനാപരമോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിക്ക് ഭീഷണിയുളവാക്കുന്നതോ ആയവ' എന്ന് നിര്‍വചിക്കുന്നു.

വിദേശ ഇടപെടല്‍ എന്നറിയപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാനഡയുടെ ചെലവില്‍ മറ്റൊരു രാജ്യത്തിന്റെ താത്പര്യങ്ങള്‍ നിറവേറ്റുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കാനഡ- ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് ശേഷം ഇന്ത്യാ അനുകൂലികള്‍ കാനഡയ്ക്കെതിരെ നടത്തിയ സൈബര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കുന്നു.

'കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ അപചയത്തെത്തുടര്‍ന്ന്, കാനഡയ്ക്കെതിരെ ഇന്ത്യയുമായി അണിനിരന്ന നോണ്‍-സ്റ്റേറ്റ് സൈബര്‍ ഇടപെടലുകാരുടെ സങ്കീര്‍ണ്ണമായ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെട്ടു. ഈ സൈബര്‍ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഇന്ത്യാ ഗവണ്‍മെന്റാണെന്ന് സൂചനയില്ല,' എന്നാണ് സി എസ് ഐ എസ് റിപ്പോര്‍ട്ട് പറയുന്നത്. 

കാനഡയുടെ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പങ്കുണ്ടെന്ന് 2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചു. 

കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാന്‍ ഈ പ്രസ്താവന കാരണമായി.

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ 'സാധ്യത' പങ്കാളിത്തത്തെക്കുറിച്ചുള്ള ട്രൂഡോയുടെ സെപ്തംബര്‍ 18നുള്ള ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായി. 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

സെപ്തംബറില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുമ്പ്, ഡയറക്ടര്‍ വിഗ്‌നോള്‍ട്ടും ദേശീയ സുരക്ഷാ ഇന്റലിജന്‍സ് ഉപദേഷ്ടാവ് ജോഡി തോമസും ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയിലേക്ക് പോയിരുന്നു. 

'കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ വിശ്വസനീയമായ കാരണങ്ങളുണ്ട്,' എന്നാണ് ഇന്ത്യ നിയുക്ത തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിജ്ജാറിനെ 'കനേഡിയന്‍' എന്ന് പരാമര്‍ശിച്ച് ട്രൂഡോ പറഞ്ഞത്.

നവംബറില്‍, യു എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) നിഖില്‍ ഗുപ്ത എന്ന വ്യക്തി ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി കൊലപാതക ഗൂഢാലോചന ആസൂത്രണം ചെയ്തതായി കുറ്റപ്പെടുത്തുന്ന ഒരു നിയമ രേഖ വെളിപ്പെടുത്തി. യു എസില്‍ നിന്നും കാനഡയില്‍ നിന്നും പൗരത്വമുള്ള ന്യൂയോര്‍ക്കില്‍ താമസിക്കുന്നയാളാണ് ഗൂഢാലോചനയുടെ ലക്ഷ്യം.

2019-ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെക്കുറിച്ചും കനേഡിയന്‍ ചാരസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

'2024 ജനുവരിയില്‍, വിദേശ ഇടപെടലിനെക്കുറിച്ചുള്ള പബ്ലിക് എന്‍ക്വയറി, കാനഡ ഗവണ്‍മെന്റിന്റെ ശേഖരണത്തിലും രേഖകള്‍ ഹാജരാക്കുന്നതിലും 2019-ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു,' റിപ്പോര്‍ട്ട് പറയുന്നു.