സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതിന് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കാനഡ കുറ്റം ചുമത്തി

സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതിന് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കാനഡ കുറ്റം ചുമത്തി


എഡ്മന്റന്‍ : കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയില്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ കനേഡിയന്‍ പോലീസ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിലെ മന്‍ദീപ് മൂക്കര്‍ പറഞ്ഞു.

കരണ്‍പ്രീത് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍ ബ്രാര്‍ എന്നിവരെ ആല്‍ബര്‍ട്ടയിലെ എഡ്മന്റണില്‍ വെച്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. ജൂണില്‍ വാന്‍കൂവറിന് പുറത്ത് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകത്തിന് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

''ഇന്ത്യ സര്‍ക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിക്കുകയാണ്,'' ആര്‍സിഎംപി സൂപ്രണ്ട് മന്‍ദീപ് മൂക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിന്റെ മരണം കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമാക്കി. ഓരോ രാജ്യവും തങ്ങളുടെ നയതന്ത്രജ്ഞരെ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. കൊലപാതകവുമായി ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കുന്ന 'വിശ്വസനീയമായ ആരോപണങ്ങള്‍' ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യുഎസിലെ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നതായി കനേഡിയന്‍ പോലീസ് പറഞ്ഞു. യുഎസ്, കനേഡിയന്‍ പൗരത്വമുള്ള സിഖ് വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ-യുഎസ് മണ്ണില്‍ വധിക്കാനുള്ള ശ്രമം കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണിലെ അധികാരികള്‍ തടഞ്ഞിരുന്നു.

സറേ നഗരത്തിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് നിജ്ജാറിന് മാരകമായി വെടിയേറ്റത്. അദ്ദേഹം ഒരു തീവ്രവാദിയാണെന്നും ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് 'ഖാലിസ്ഥാന്‍' എന്ന സ്വതന്ത്ര രാജ്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന സിഖ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന വാദങ്ങളെ അസംബന്ധം എന്നാണ് ന്യൂഡല്‍ഹി വിശേഷിപ്പിച്ചത്.