കാനഡ നിയമ വാഴ്ചയുള്ള രാജ്യമാണ് : മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരിച്ച് ജസ്റ്റിന്‍ ട്രൂഡോ

കാനഡ നിയമ വാഴ്ചയുള്ള രാജ്യമാണ് : മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരിച്ച് ജസ്റ്റിന്‍ ട്രൂഡോ


ടൊറന്റോ: ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും പൗരന്മാരെ സംരക്ഷിക്കാനുള്ള മൗലികമായ പ്രതിബദ്ധതയുമുള്ള 'നിയമവാഴ്ചയുള്ള രാജ്യമാണ്.' കാനഡയെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കനേഡിയന്‍ പൗരനായ സിഖ് വിമത നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍, 2023 ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റുചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജസ്റ്റിന്‍ ട്രൂഡോ.

വെള്ളിയാഴ്ച  അറസ്റ്റുചെയ്യപ്പെട്ട, എഡ്മണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ് (22), കരണ്‍പ്രീത് സിംഗ് (28) എന്നിവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

' കാനഡ ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും അതോടൊപ്പം എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന പ്രതിബദ്ധതയുമുള്ള ഒരു നിയമവ്യവസ്ഥയുള്ള രാജ്യമാണ്. അത് പ്രധാനമാണ് '- സിഖ് പൈതൃകം ആഘോഷിക്കുന്ന ടൊറന്റോ ഗാലയില്‍ ശനിയാഴ്ച നടന്ന അറസ്റ്റിനെക്കുറിച്ച് ട്രൂഡോ പറഞ്ഞു.

'ആര്‍സിഎംപി പ്രസ്താവിച്ചതുപോലെ, അന്വേഷണം തുടരുകയാണ്, ഇന്നലെ അറസ്റ്റിലായ മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ മാത്രം പരിമിതപ്പെടുത്താതെ പ്രത്യേകവും വേറിട്ടതുമായ അന്വേഷണം നടക്കുന്നുണ്ട്- കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (സിബിസി) ട്രൂഡോയെ ഉദ്ധരിച്ച് പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കാനഡയിലെ സിഖ് സമൂഹത്തില്‍ പലരും സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു: 'ഓരോ കനേഡിയനും സുരക്ഷിതമായും കാനഡയിലെ വിവേചനങ്ങളില്‍ നിന്നും അക്രമ ഭീഷണികളില്‍ നിന്നും സ്വതന്ത്രമായി ജീവിക്കാനുള്ള മൗലികാവകാശമുണ്ട്.' ഖാലിസ്ഥാന്‍ വിഘടനവാദിയായ 45 കാരനായ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ 'സാധ്യതയുള്ള' പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഗുരുതരമായ നിലയില്‍ വഷളായിരുന്നു.

ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധവും പ്രചോദിതവുമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം നിജ്ജാറിനെ 'ഭീകരവാദി' എന്ന് പ്രഖ്യാപിച്ച ഇന്ത്യയെ ഏറെക്കാലമായി നിരാശപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായതിന് ശേഷം, തങ്ങള്‍ യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായിചേര്‍ന്ന് പ്രവര്‍ത്തിച്ചതായി കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ കാനഡ പോലീസ് പറഞ്ഞു.

കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പസഫിക് മേഖലയിലെ സേനയുടെ കമാന്‍ഡറായ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അസിസ്റ്റന്റ് കമ്മീഷണര്‍ ഡേവിഡ് ടെബൗള്‍ വെള്ളിയാഴ്ച പറഞ്ഞു.

അതിനിടെ, നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന കാര്യങ്ങലെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവരുടെ ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച പറഞ്ഞു.

ഖാലിസ്ഥാന്‍ അനുകൂലികളില്‍ ഒരു വിഭാഗം കാനഡയിലെ ജനാധിപത്യം ഉപയോഗിക്കുകയും ലോബി ഉണ്ടാക്കുകയും വോട്ട് ബാങ്കായി മാറുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്നും ചില പാര്‍ട്ടികള്‍ ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ക്ക് (കാനഡ), ഞങ്ങള്‍ക്കും ഞങ്ങളുടെ ബന്ധത്തിനും പ്രശ്നമുണ്ടാക്കുന്ന അത്തരം ആളുകള്‍ക്ക് വിസയോ നിയമസാധുതയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്ന് ഞങ്ങള്‍ അവരെ പലതവണ ബോധ്യപ്പെടുത്തിയിട്ടുണ്ട്,- ജയശങ്കര്‍ പറഞ്ഞു.

എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, ഖാലിസ്ഥാന്‍ അനുകൂലികളായ 25 പേരെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒന്നും ശ്രദ്ധിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

''കാനഡ ഒരു തെളിവും നല്‍കിയില്ല. ചില കേസുകളില്‍ അവര്‍ ഞങ്ങളുമായി ഒരു തെളിവും പങ്കിടുന്നില്ല, പോലീസ് ഏജന്‍സികളും ഞങ്ങളോട് സഹകരിക്കുന്നില്ല. ഇന്ത്യയെ കുറ്റപ്പെടുത്തേണ്ടത് കാനഡയിലെ അവരുടെ രാഷ്ട്രീയ നിര്‍ബന്ധമാണ്. കാനഡയില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടകയാണെന്നും മന്ത്രി പറഞ്ഞു.