കാനഡയുമായുള്ള നയതന്ത്ര തര്‍ക്കം; പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യന്‍ പ്രതിനിധി

കാനഡയുമായുള്ള നയതന്ത്ര തര്‍ക്കം; പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യന്‍ പ്രതിനിധി


ടൊറന്റോ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. 

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കാനഡ കുറ്റം ചുമത്തിയതിന് ് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതികരിക്കുന്നത്. തങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ച് അതിന്റെ ഗുണഫലങ്ങള്‍ ഇരുരാജ്യങ്ങളും അനുഭവിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ മോണ്‍ട്രിയല്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിനോട് പറഞ്ഞു.

കാനഡയില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഭീഷണികളാണ് തന്റെ ആശങ്കയെന്നും കനേഡിയന്‍ പൗരന്മാരില്‍ നിന്നാണ് ഈ ഭീഷണികള്‍ കൂടുതലായി ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ ആരോപണം ഉന്നയിച്ച് ഏഴ് മാസത്തിന് ശേഷമാണ് - നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ംമൂന്ന് പേരെ ആല്‍ബര്‍ട്ടയിലെ എഡ്മണ്ടണില്‍ മൂന്ന് ഇന്ത്യന്‍ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൈലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറിനുള്ള ബന്ധത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സജീവമായി അന്വേഷിക്കുകയും ചെയ്തിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവരേയും കഴിഞ്ഞ ദിവസം സറേയിലെ കോടതിയില്‍ ഹാജരാക്കി. കോടതിക്കു പുറത്ത് ഖാലിസ്ഥാന്‍ അനുകൂല പതാകകള്‍ ഉയര്‍ത്തിയും കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തുന്ന ബോര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു.

മൂന്ന് പേരുടെയും ക്രിമിനല്‍ പ്രോസിക്യൂഷന്‍ പ്രാരംഭ ഘട്ടത്തിലാണ്. ഒന്നിലധികം അന്വേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തേക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതികളിലൊരാളായ 22കാരന്‍ കരണ്‍ ബ്രാറിനെ പ്രശസ്ത കനേഡിയന്‍ അഭിഭാഷകനായ റിച്ചാര്‍ഡ് ഫൗളറാണ് പ്രതിനിധീകരിക്കുന്നത്.

നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയിലും കാനഡയും ഇന്ത്യയും ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മോണ്‍ട്രിയല്‍ ഫോറത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍മ്മ പറഞ്ഞു. 'പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഇന്ത്യന്‍ വിദേശ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന 'കോളേജ്' അല്ലെങ്കില്‍ 'യൂണിവേഴ്‌സിറ്റി' എന്ന പദത്തിന് അര്‍ഹതയില്ലാത്ത 'വിദ്യാഭ്യാസ ഔട്ട്ലെറ്റുകളെ' കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിച്ചു. വിദ്യാര്‍ഥികളില്‍ പലരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരോ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് പഠിക്കാനെത്തിയവരോ ആണെന്ന് വര്‍മ്മ വിശദമാക്കി. കടബാധ്യതയോടെയാണ് അവര്‍ കാനഡയിലേക്ക് വരുന്നതെന്നും അത് ചിലരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഓരോ 10 ദിവസത്തിലും ഒരു ഇന്ത്യന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥിയുടെ മൃതദേഹം തങ്ങള്‍ അയച്ചിരുന്ന കാലമുണ്ടായിരുന്നതായും വര്‍മ്മ പറഞ്ഞു.