വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി


വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ചിരാഗ് ആന്റിലാണ് കൊല്ലപ്പെട്ടത്. ഒരു ഔഡി കാറിനുള്ളില്‍ വെടിയേറ്റുമരിച്ചനിലയിലാണ് ജഢം കണ്ടെത്തിയത്. ചിരാഗ് ആന്റിലിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. ഏപ്രില്‍ 12നായിരുന്നു സംഭവം.

 ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല അന്വേഷണം പുരോഗമിക്കുകയാണ്.

ചിരാഗ് ആന്റില്‍ 2022-ല്‍ എംബിഎ പഠനത്തിനായി ഹരിയാനയിലെ സോനിപത്തില്‍ നിന്ന് വാന്‍കൂവറിലേക്ക് സ്റ്റഡി വിസയില്‍ വന്നതാണ്. ബിരുദം നേടിയ ശേഷം ഇവിടെ ജോലി ചെയ്യുകയായിരുന്നു.

ചിരാഗിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും നീതിക്കായി അഭ്യര്‍ത്ഥിക്കുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 12 ന് രാവിലെ ചിരാഗ് ആന്റിലുമായി സംസാരിച്ചതായി സഹോദരന്‍ റോണിത് പറഞ്ഞു. വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സഹോദരന്‍ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കിയ പോലീസുകാരനുമായി ഞങ്ങള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ ഈ സംഭവം എങ്ങനെ ഉണ്ടായി എന്ന് ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. എത്രയും വേഗം നീതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി മോഡിയോടും ജയശങ്കറിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിരാഗ് ആന്റിലിന്റെ സുഹൃത്തുക്കളുമായി താനും അമ്മയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി റോണിത് പറഞ്ഞു.

വാന്‍കൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്സിലെ പോസ്റ്റിലൂടെ, ചിരാഗ് ആന്റിലിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.

'വാന്‍കൂവറില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ ചിരാഗ് ആന്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ കുറിച്ച് വളരെ ദുഃഖത്തോടെയാണ് ഞങ്ങള്‍ അറിഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ബന്ധപ്പെട്ട കനേഡിയന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്,'  പോസ്റ്റില്‍ പറയുന്നു.

എഡ്മണ്ടണിലെ ഗുരുനാനാക്ക് ഗുരുദ്വാരയുടെ പ്രസിഡന്റും പ്രമുഖ ബില്‍ഡറുമായ ബൂട്ട സിംഗ് ഗില്‍ ആല്‍ബര്‍ട്ടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഈമാസം 9 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.. ആല്‍ബെര്‍ട്ടാ പ്രവിശ്യയിലെ മില്‍വുഡ് റെക് സെന്ററിന് സമീപമുള്ള ഗില്ലിന്റെ നിര്‍മ്മാണ സൈറ്റിലാണ് സംഭവം.

ഗില്ലിനോടൊപ്പം സൈറ്റിലെ സിവില്‍ എഞ്ചിനീയര്‍ സരബ്ജീത് സിംഗിനും വെടിയേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സരബ്ജീത് സിംഗ് ആശുപത്രിയിലാണ്.