ഇമിഗ്രേഷനില്‍ അയവില്ല: ജയശങ്കറിനെതിരെ കാനഡ ഇമിഗ്രേഷന്‍ മന്ത്രി

ഇമിഗ്രേഷനില്‍ അയവില്ല: ജയശങ്കറിനെതിരെ കാനഡ ഇമിഗ്രേഷന്‍ മന്ത്രി


ടൊറന്റോ: ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരെ രാജ്യത്തേക്ക് കുടിയേറാന്‍ കാനഡ അനുവദിച്ചുവെന്ന ജയശങ്കറിന്റെ പരാമര്‍ശത്തെയാണ് മില്ലര്‍ എതിര്‍ത്തത്. 

വിദ്യാര്‍ഥി വിസയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ മില്ലര്‍ സ്ഥിരീകരിച്ചില്ല.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടെങ്കിലും കാനഡയെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ കൃത്യമല്ലെന്നും ഇമിഗ്രേഷന്‍ കാര്യത്തില്‍ കാനഡയില്‍ അയവില്ലെന്നും മാര്‍ക്ക് മില്ലര്‍ കേബിള്‍ പബ്ലിക് അഫയേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

പാകിസ്ഥാന്‍ അനുകൂല ചായ്വുള്ള കാനഡയിലെ ചില വ്യക്തികള്‍ രാഷ്ട്രീയമായി സ്വാധീനമുള്ള ഒരു ലോബി രൂപീകരിച്ചതായും ജയശങ്കര്‍ അവകാശപ്പെട്ടിരുന്നു. 

പ്രതിയുടെ വിസ സ്റ്റാറ്റസിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ അക്കാര്യം വിശദമാക്കാനാവില്ലെന്നും മന്ത്രി മില്ലര്‍ പറഞ്ഞു. അത്തരം അന്വേഷണങ്ങള്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിലാണ് ട്രൂഡോ സര്‍ക്കാര്‍ തീവ്രവാദവും വിഘടനവാദവും അക്രമത്തിന്റെ വക്താക്കളേയും അനുവദിക്കുന്നതെന്ന് ജയശങ്കര്‍ വിമര്‍ശിച്ചു. 

ഖാലിസ്ഥാന്‍ അനുകൂലികളായ ഒരു വിഭാഗം കാനഡയിലെ ജനാധിപത്യം ഉപയോഗിക്കുകയും ലോബി ഉണ്ടാക്കുകയും ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ സര്‍ക്കാരിന്റെ വോട്ട് ബാങ്കായി മാറുകയും ചെയ്തുവെന്നും ജയശങ്കര്‍ ആരോപിച്ചിരുന്നു.

അത്തരക്കാര്‍ക്ക് വിസയോ നിയമസാധുതയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്ന് അവരെ പലതവണ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കാനഡയ്ക്കും ഇന്ത്യയ്ക്കും ഇരുവരുടേയും ബന്ധങ്ങള്‍ക്കും പ്രശ്നമുണ്ടാക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

2023 ജൂണില്‍ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കാനഡയില്‍ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 

നിജ്ജാറിനെ കൊലപ്പെടുത്തുന്ന വീഡിയോ ഈ വര്‍ഷം മാര്‍ച്ചിലാണ് പുറത്തുവന്നത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. 

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട്  കരണ്‍പ്രീത് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍ ബ്രാര്‍ എന്നിവരെയാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തത്.