ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി


സ്റ്റാഫോര്‍ഡ്:  സ്റ്റാഫോര്‍ഡിലെ ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സംഘടിപ്പിച്ച ആദ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കി. നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 32 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കാണാന്‍ മുന്നൂറിലേറെ പേര്‍ എത്തിച്ചേര്‍ന്നു. 

റവ. ഐസക് പ്രകാശിന്റെ നേതൃത്വത്തില്‍ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച ടൂര്‍ണമെന്റ് സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍, പുരുഷന്മാര്‍, സ്ത്രീകള്‍, അണ്ടര്‍ 14 ആണ്‍കുട്ടികള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ ടീമുകള്‍ മത്സരിച്ചു.

അണ്ടര്‍ 14 വിഭാഗത്തില്‍ യുവ ഷട്ടര്‍മാരായ ഐസക്കും മാത്യുവും ഉള്‍പ്പെട്ട ടീം പപ്പടം വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ ഇമ്മാനുവലും ഫിലിപ്പും അടങ്ങുന്ന മല്ലു ബ്രോസ് റണ്ണറപ്പ് സ്ഥാനം നേടി. ഇമ്മാനുവല്‍ ടൂര്‍ണമെന്റിലെ റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു.

വനിതാ വിഭാഗത്തില്‍ പെര്‍ലാന്‍ഡ് മല്ലു ബ്ലാസ്റ്റേഴ്സും താരങ്ങളായ അലീഷയും ഡയോണയും ഒന്നാം സ്ഥാനത്തെത്തി. അവരുടെ ശ്രദ്ധേയമായ ടീം വര്‍ക്കും തന്ത്രവും എതിരാളികളായ ശീതളും സാന്‍ഡിയും അടങ്ങുന്ന വണ്ടര്‍ വിമന്‍ എന്ന റണ്ണറപ്പ് ടീമിനെതിരെ അവരെ വിജയത്തിലേക്ക് നയിച്ചു.  കോര്‍ട്ടിലെ ആധിപത്യ സാന്നിധ്യത്തെ അടിവരയിട്ട് ഈ വിഭാഗത്തിലെ മികച്ച കളിക്കാരിയെന്ന ബഹുമതിയും അലീഷയ്ക്ക് ലഭിച്ചു.

50 ആന്‍ഡ് ഓവര്‍ വിഭാഗത്തില്‍ സാവിയോയും വിനുവും പ്രതിനിധീകരിച്ച ഹരികേയിന്‍ വിജയികളായി. ആവേശകരമായ പോരാട്ടം കാഴ്ചവെച്ച അലക്‌സും ജോര്‍ജും ചേര്‍ന്ന് രൂപീകരിച്ച ഹിറ്റ്മാന്‍ ജോഡിയാണ് റണ്ണര്‍അപ്പ് സ്ഥാനം നേടിയത്.

ഓപ്പണ്‍ വിഭാഗത്തില്‍, ക്ലെമന്റും നജാഫും അടങ്ങുന്ന ഡാളസ് മച്ചാന്‍സ് വിജയികളായി.  മലങ്കര വാരിയേഴ്സിലെ അജയ്, ജോജി എന്നിവര്‍ റണ്ണര്‍ അപ്പ് കിരീടം നേടുകയും ചെയ്തു.  ടൂര്‍ണമെന്റിലുടനീളം തന്റെ മികച്ച പ്രകടനത്തിന് വിഭാഗത്തിലെ മികച്ച കളിക്കാരനായി ക്ലെമന്റ് തിരഞ്ഞെടുക്കപ്പെട്ടു.

സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റേഴ്സ് ചര്‍ച്ചിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അമേച്വര്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല, കായികക്ഷമതയുടെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്. അതില്‍ ഇടവക പരിപൂര്‍ണ്ണമായി വിജയിച്ചു. പ്രഥമ ടൂര്‍ണ്ണമെന്റ് വിജയകരമായതോടെ ഇടവക കൂടുതല്‍ പങ്കാളിത്തവും മത്സരങ്ങളുമുള്ള അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനായുള്ള ആലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.