സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം

സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്  രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം


സില്‍വര്‍ സ്പ്രിംഗ് (മെരിലന്‍ഡ്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്കോഫ് മീറ്റിംഗിന് സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വേദിയായി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കെടുക്കും. ഭക്തിപ്രഭാഷണങ്ങള്‍, ബൈബിള്‍ പഠനം, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകള്‍ എന്നിവ കോര്‍ത്തിണക്കിയ ആകര്‍ഷണീയമായ കുടുംബ സംഗമമാണ് ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ്.

ഇടവക വികാരി ഫാ. ലാബി ജോര്‍ജിന്റെ അഭാവത്തില്‍ ഫാ. കെ പി വര്‍ഗീസ് വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ഫാ. കെ പി വര്‍ഗീസ് കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാത്യു വറുഗീസ് (റാഫിള്‍ കോര്‍ഡിനേറ്റര്‍), ഷെറിന്‍ എബ്രഹാം, ജോനാഥന്‍ മത്തായി (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരായിരുന്നു കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍. ഡെല്ല വര്‍ഗീസ് (ഇടവക സെക്രട്ടറി), ഷേര്‍ളി ജോര്‍ജ് (ഇടവക ട്രസ്റ്റി), സൈമണ്‍ തോമസ് ആന്റ് ഡെന്നി മത്തായി (ഭദ്രാസന അസംബ്ലി അംഗങ്ങള്‍), രാജന്‍ പറമ്പില്‍, ഡോ. സാബു പോള്‍ (മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍) എന്നിവരും വേദിയില്‍ സന്നിഹിതരായി.  സമ്പന്നമായ ഒരു ആത്മീയ അനുഭവത്തിനായി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഫാ. കെ പി വര്‍ഗീസ് എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

ഷെറിന്‍ എബ്രഹാം കോണ്‍ഫറന്‍സിന്റെ തിയ്യതി, സ്ഥലം, ചിന്താവിഷയം, പ്രാസംഗികര്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുവായ വിവരങ്ങള്‍ നല്‍കി. ജോനാഥന്‍ മത്തായി രജിസ്‌ട്രേഷനെക്കുറിച്ചും വേദിക്ക് സമീപമുള്ള ആകര്‍ഷണങ്ങളെക്കുറിച്ചും സംസാരിച്ചു. മാത്യു വറുഗീസ് സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍, റാഫിള്‍, കോണ്‍ഫറന്‍സിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീര്‍ എന്നിവ വിശദീകരിച്ചു.

ഇടവകയില്‍ നിന്ന് മികച്ച പിന്തുണയാണ് കോണ്‍ഫറന്‍സ് ടീമിന് ലഭിച്ചത്. ഗ്രാന്‍ഡ് ആന്റ് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിനു പുറമേ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങിയും സുവനീറില്‍ ആശംസകളും പരസ്യങ്ങളും നല്‍കിയും നിരവധി അംഗങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തു.

ആവേശകരമായ പിന്തുണ നല്‍കിയ ഇടവക വികാരി, ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ക്ക് ഷെറിന്‍ എബ്രഹാം നന്ദിയും കടപ്പാടും അറിയിച്ചു.

2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലാങ്കസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 'ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തെപ്പറ്റി 'ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക' (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595)/ ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.