ഗാന്ധി കുടുംബമില്ലാത്ത അമേഠി; കോണ്‍ഗ്രസ് കോട്ട തകര്‍ന്നുവോ?

ഗാന്ധി കുടുംബമില്ലാത്ത അമേഠി; കോണ്‍ഗ്രസ് കോട്ട തകര്‍ന്നുവോ?


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും ആരൊക്കെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എന്ന കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഗാന്ധിമാര്‍ മാറിമാറി പ്രതിനിധീകരിച്ചിരുന്ന അമേഠിയെ അവര്‍ ഏതാണ്ട് പൂര്‍ണമായും കൈവിട്ടിരിക്കുകയാണ്. അമേഠിയിലുള്ള തല്‍ക്കാലം ഗാന്ധികുടുംബത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയില്ല. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി മത്സരിക്കും. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാല്‍ ശര്‍മയാണ് (കെഎല്‍ ശര്‍മ) അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടാന്‍ പോവുന്നത്.

2004 മുതല്‍ 2020 വരെ സോണിയാ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് റായ്ബറേലി. അവിടേക്കാണ് രാഹുലിന്റെ വരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടിരുന്നു. വയനാട്ടിലാണ് വിജയിച്ചത്. ഇത്തവണയും വയനാട്ടില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട്.

അമേഠി കോണ്‍ഗ്രസിന് നിര്‍ണായകമാകുന്നത് എന്തുകൊണ്ട് ?

1967ല്‍ അമേഠി ലോക്‌സഭാ മണ്ഡലം രൂപം കൊണ്ടതിന് ശേഷം അവിടെ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുള്ളത്. 1977ല്‍ ജനതാദളിന്റെ രവീന്ദ്ര പ്രതാപ് സിങ്ങും 1998ല്‍ ബിജെപിയുടെ സഞ്ജയ് സിങ്ങും 2019ല്‍ സ്മൃതി ഇറാനിയുമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചിട്ടുള്ളത്.

2004ല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തിയ രാഹുല്‍ ഗാന്ധി അമേഠിയില്‍ മൂന്ന് തവണ ജയിച്ചിട്ടുണ്ട്. 1980ല്‍ സഞ്ജയ് ഗാന്ധി അമേഠിയില്‍ നിന്ന് വിജയിച്ചുവെങ്കിലും എംപി ആയിരിക്കെ വിമാന അപകടത്തില്‍ അദ്ദേഹം മരിക്കുകയായിരുന്നു. ഇതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1981ല്‍ രാജീവ് ഗാന്ധി അമേഠിയുടെ എംപിയായി. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേക ഗാന്ധിയാണ് 1984ല്‍ രാജീവിനെതിരെ മത്സരിച്ചത്.

മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ജനതാദള്‍ സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഗാന്ധിയെയാണ് 1989ല്‍ രാജീവ് പരാജയപ്പെടുത്തിയത്. 1991ല്‍ രാജീവിന്റെ മരണശേഷം കോണ്‍ഗ്രസിന്റെ സതീഷ് ശര്‍മയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1998ല്‍ ബിജെപിയുടെ സഞ്ജയ് സിങ് ജയിച്ചു. 1999ല്‍ സോണിയ ഗാന്ധിയെത്തി മണ്ഡലം തിരിച്ചുപിടിക്കുകയാണ് ചെയ്തത്.

റായ്ബറേലിയിലെ പോരാട്ടം

1952ല്‍ ഫിറോസ് ഗാന്ധി ആദ്യമായി മത്സരിച്ച മണ്ഡലമാണ് റായ്ബറേലി. 1960ല്‍ ഫിറോസിന്റെ മരണശേഷം കോണ്‍ഗ്രസ് നേതാവ് ആര്‍പി സിങ്ങും 1962ല്‍ ബൈജ് നാഥ് കുറീലും ഇവിടെ നിന്ന് വിജയിച്ചു. 1967 മുതല്‍ 77 വരെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചു. 1980ല്‍ മേധകിലും റായ്ബറേലിയിലും മത്സരിച്ച് ജയിച്ച ഇന്ദിര റായ്ബറേലിയിലെ എംപി സ്ഥാനം രാജിവെക്കുകയാണ് ചെയ്തത്. ഇന്ദിരാ ഗാന്ധിയുടെ അമ്മായിയായ ഷീല കൌളാണ് 1989ലും 1991ലും റായ്ബറേലിയെ പ്രതിനിധീകരിച്ചത്.

സോണിയാ ഗാന്ധി വരുന്നത് വരെ കോണ്‍ഗ്രസിന്റെ സതീഷ് ശര്‍മയായിരുന്നു ഇവിടെ നിന്നുള്ള എംപി. 2004 മുതല്‍ സോണിയയാണ് റായ്ബറേലിയില്‍ നിന്ന് ജയിച്ച് കയറിയത്. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സോണിയ ഇത്തവണ തീരുമാനിച്ചത്. 1977, 1996, 1998 വര്‍ഷങ്ങളില്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ട്.

രാഹുലിന്റെ വരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി തീരുമാനിച്ചതോടെയാണ് രാഹുല്‍ റായ്ബറേലിയിലെ സ്ഥാനാര്‍ഥിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ അമേഠിയില്‍ രാഹുല്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചില കോണ്‍ഗ്രസ് അണികളുടേയും നേതാക്കളുടെയും വിലയിരുത്തല്‍. എന്നാല്‍ രാഹുല്‍ അമേഠിയില്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഉത്തരേന്ത്യയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ മത്സരിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയാണ് രാഹുല്‍ യുപിയില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നത്.