ബി ജെ പി കര്‍ണാടക വിമത നേതാവ് കെ എസ് ഈശ്വരപ്പക്ക് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍

ബി ജെ പി കര്‍ണാടക വിമത നേതാവ് കെ എസ് ഈശ്വരപ്പക്ക്  ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍


ബെംഗളൂരു: പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതിന് വിമത നേതാവ് കെ എസ് ഈശ്വരപ്പയെ ബി ജെ പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഈശ്വരപ്പ മുന്‍ ഉപമുഖ്യമന്ത്രിയുമാണ്. തന്റെ മകന്‍ കെ ഇ കാന്തേഷിന് മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയെയും അദ്ദേഹത്തിന്റെ പിതാവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ബി എസ് യെദ്യൂരപ്പയെയും കുറ്റപ്പെടുത്തിയാണ് ഈശ്വരപ്പ വിമത സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബി ജെ പിയുടെ ഹാവേരി സ്ഥാനാര്‍ഥിയും വിജയേന്ദ്രയുടെ സഹോദരനും എം പിയുമായ ബി വൈ രാഘവേന്ദ്ര ഷിമോഗയിലെ ബി ജെ പി സ്ഥാനാര്‍ഥിയുമാണ്.

പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഷിമോഗ ലോക്സഭാ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങിയതോടെയാണ് നാണക്കേടിലായ ബി ജെ പി അച്ചടക്ക ലംഘനത്തിന് സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷന്‍ ലിംഗരാജ് പാട്ടീല്‍ പുറത്താക്കിയ ഉത്തരവിറക്കിയത്. 

എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കുകയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പറയുന്ന അറിയിപ്പ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതായും പറഞ്ഞു.

ഈശ്വരപ്പയെ മത്സര രംഗത്തു നിന്നും പിന്മാറ്റാനും സമാധാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെങ്കിലും 75കാരനായ ഈശ്വരപ്പ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 

കര്‍ണാടകയില്‍ മെയ് ഏഴിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മുന്‍ നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 

യെദ്യൂരപ്പയ്ക്കും അന്തരിച്ച എച്ച് എന്‍ അനന്ത് കുമാറിനുമൊപ്പം ഈശ്വരപ്പയും കര്‍ണാടകയില്‍ താഴെത്തട്ടില്‍ നിന്ന് ബി ജെ പിയെ കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കിയത്. 

കര്‍ണാടകയില്‍ ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് അംഗം യെദ്യൂരപ്പയുടെയും കുടുംബത്തിന്റെയും പിടിയിലാണെന്നാണ് ഈശ്വരപ്പ ആരോപിക്കുന്നത്. എന്നാല്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മത്സരത്തില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു മണ്ഡലത്തില്‍ നിന്നും തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കരുതെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് മോദി ഈശ്വരപ്പയെ വിളിച്ച് സംസാരിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.