കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന് ആംആദ്മി; ആഴ്ചതോറും മന്ത്രിമാരെ കാണും

കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന് ആംആദ്മി; ആഴ്ചതോറും മന്ത്രിമാരെ കാണും


ഡല്‍ഹി: മദ്യ നയ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കേജ്രിവാള്‍ അവിടെ നിന്നുകൊണ്ടുതന്നെ ഭരണം നിയന്ത്രിക്കുമെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. കേജ്രിവാളിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിഡോ.സന്ദീപ് പഥക് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാള്‍ എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരെ കാണുകയും അവരുടെ വകുപ്പുകളിലെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും ചെയ്തുകൊണ്ട് ജയിലില്‍ നിന്ന് ഡല്‍ഹി സര്‍ക്കാരിനെ നയിക്കുമെന്ന് പഥക് പറഞ്ഞു.

'അടുത്ത ആഴ്ച മുതല്‍, മുഖ്യമന്ത്രി എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരെ ജയിലിലേക്ക് വിളിപ്പിക്കും - അദ്ദേഹം നിലവിലുള്ള പദ്ധതികള്‍ അവലോകനം ചെയ്യുകയും അവരുടെ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുകയും അതിനനുസരിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും...' വരും ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന പദ്ധതി അറിയിച്ച് പഥക് പറഞ്ഞു,

പാര്‍ട്ടി ഇക്കാര്യത്തിലെ നിയമവശങ്ങളിലൂടെ കടന്നുപോയോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതിനകം ജയിലില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പഥകിന്റെ മറുപടി. അടുത്ത ആഴ്ച മുതല്‍, ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കാനുള്ള ഫോര്‍മാറ്റ് ശരിയായി ആരംഭിക്കുന്നതോടെ അത് പൂര്‍ണ്ണമാകും.  ഇക്കാര്യത്തിലെ
നിയമവശങ്ങള്‍ പരിശോധിക്കുമെന്നും  മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകള്‍ സംബന്ധിച്ച നടപടിക്രമങ്ങളാകും അതില്‍ പ്രധാനമായും നോക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ എംഎല്‍എമാരുമായും ഒരു മീറ്റിംഗ് നടത്താനും ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കാനും അവര്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നങ്ങളും പരിഹരിക്കാനും വീടുവീടാന്തരം കയറാന്‍ പ്രവര്‍ത്തകരോട് പറയാന്‍ കേജ്രിവാള്‍ നിര്‍ദ്ദേശിച്ചു. ഒപ്പം തന്നെ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് പറയുമെന്നും പഥക് പറഞ്ഞു. കേജ്രിവാള്‍ ഉടന്‍ തന്നെ ജയിലില്‍ നിന്ന് പുറത്തുവരുമെന്നും എം.എല്‍.എ.മാര്‍ മുഖ്യമന്ത്രിയുടെ  അഭാവം മറികടക്കാന്‍ ഇരട്ടി കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നെക്കുറിച്ച് ആശങ്കയില്ലെന്നും പൊതുജനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''എന്നെക്കുറിച്ച് വിഷമിക്കേണ്ട, ഞാന്‍ പോരാടാന്‍ തയ്യാറാണ്'' എന്ന് അദ്ദേഹം പറഞ്ഞു,'' പഥക് കൂട്ടിച്ചേര്‍ത്തു.