ജോര്‍ജ് ടൗണ്‍ (ഗയാന) : ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരമായ 'ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍' നേടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊവിഡ് മഹാമാരിയുടെ കാലത്ത് കരീബിയന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുമാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാനം ഗയാനയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ (നവംബര്‍ 20) നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണ് ഡൊമിനിക്ക പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ 'ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍' സമ്മാനിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് മോഡി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ഗയാനയും ബാര്‍ബഡോസും അവരുടെ പരമോന്നത പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രിക്ക് വരും ദിവസങ്ങളില്‍ സമ്മാനിക്കുന്നതായിരിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡൊമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരം മോദിക്ക് നല്‍കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഡൊമിനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക കൊവിഡ് വാക്സിന്‍ വിതരണം ചെയ്തിരുന്നു. അതിനാലാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
മോഡിയുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നിവയില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും ആഗോള തലത്തില്‍ കാലാവസ്ഥാ പ്രതിരോധം, നിര്‍മാണ സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പങ്ക് വഹിച്ചിരുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ - കാരികോം ഉച്ചകോടിയ്ക്കിടെ ഉന്നത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയത്. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു. നൈപുണ്യ വികസനം, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി വികസന സഹകരണം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലിയുമായും കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിക്ക് ഓണററി ഓര്‍ഡര്‍ ഓഫ് ഫ്രീഡം ഓഫ് ബാര്‍ബഡോസ് അവാര്‍ഡ് നല്‍കുമെന്ന് ബാര്‍ബഡോസ് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് സഹായിച്ചതിലും ഇന്ത്യ-ബാര്‍ബഡോസ് ബന്ധങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
ബഹാമസ് കൗണ്ടര്‍ പാര്‍ട്ടി ഫിലിപ്പ് ഡേവിസുമായി നടത്തിയ ചര്‍ച്ചയില്‍ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങള്‍ക്കും ഹരിത പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞു. ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി, സുരിനാം പ്രസിഡന്റ് ചാന്‍ സന്തോഖി, ആന്റിഗ്വ, ബാര്‍ബുഡ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍, സെന്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം സമ്മാനിച്ചു